ന്യൂഡൽഹി: ബി.എസ്.പിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഡാനിഷ് അലി എം.പി കോൺഗ്രസിൽ ചേർന്നു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു. ഉത്തർപ്രദേശിലെ അംരോഹ മണ്ഡലത്തിൽ നിന്നുള്ള പാർലമെൻറംഗമാണ് ഡാനിഷ് അലി.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിൽ ബി.ജെ.പി എം.പി രമേഷ് ബിധുരിയുടെ ഇസ്ലാമോഫോബിക് അധിക്ഷേപത്തിന് ഡാനിഷ് വിധേയനായപ്പോൾ പിന്തുണയുമായി രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.
ഇതിനുപിന്നാലെ, പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് 2023 ഡിസംബർ 9ന് ബിഎസ്പിയിൽ നിന്ന് ഡാനിഷിനെ സസ്പെൻഡ് ചെയ്തു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ മണിപ്പൂരിലെ ചടങ്ങിൽ പങ്കെടുത്ത ഡാനിഷ്, ‘ഐക്യത്തിനും നീതിക്കും വേണ്ടിയുള്ള ഏറ്റവും വലിയ ശ്രമത്തിന്റെ ഭാഗമായില്ലെങ്കിൽ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ താൻ പരാജയമാണെന്ന്’ പറഞ്ഞിരുന്നു. തന്റെ മണ്ഡലമായ അംറോഹയിലൂടെ രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുപോകുമ്പോഴും ഡാനിഷ് പങ്കെടുത്തിരുന്നു.