ദില്ലി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടതനുസരിച്ചെന്ന് സൂചന. കത്തോലിക്കാ സഭയെ ആകെ നാണക്കേടിലാക്കിയ, ഏറെ പ്രമാദമായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് ഒരു വര്‍ഷം കഴിയുമ്പോഴാണ് ബിഷപ്പ് രാജിവെച്ചൊഴിയുന്നത്. രാജി അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചത്. പക്ഷേ കന്യാസ്ത്രീ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ജലന്ധർ രൂപതയ്ക്കുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും, അത് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാൻ ബിഷപ്പിനോട് രാജിയാവശ്യപ്പെട്ടതെന്നുമാണ് വിവരം.
നീതി ന്യായ കോടതി വെറുതെ വിട്ടെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ, ബിഷപ്പായി തുടരുന്നതിനെതിരെ സഭയ്ക്കുള്ളിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഫ്രാങ്കോയെ മാറ്റി, ജലന്ധര്‍ രൂപതയിൽ പുതിയൊരു ബിഷപ്പിനെ നിയമിക്കാനുള്ള നീക്കം. നേരത്തെ വിവാദമുണ്ടായ സമയത്ത് ഫ്രാങ്കോ ബിഷപ്പ് പദവിയിൽ തുടരുകയും, രൂപതയുടെ കാര്യങ്ങൾ നടത്താൻ മറ്റൊരാളെ നിയമിക്കുകയുമായിരുന്നു. രൂപതയുടെ നല്ലതിന് വേണ്ടിയും പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കാൻ വേണ്ടിയുമാണ് രാജിയെന്നാണ് ഫ്രാങ്കോ മുളയ്ക്കലും രാജി പ്രഖ്യാപന വീഡിയോയിൽ വ്യക്തമാക്കിയത്. ബിഷപ്പിന്റെ മാറ്റം സഭയുടെ നന്മയ്ക്ക് വേണ്ടിയെന്ന് ജലന്ധര്‍ രൂപതയും അറിയിച്ചു. രൂപതയുടെ നന്മയ്ക്ക് വേണ്ടി രാജിവെച്ച ബിഷപ്പിന് നന്ദിയറിച്ച് രൂപത കുറിപ്പിറക്കി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സെഷൻ കോടതി കുറ്റവിമുക്തനാക്കിയ ബിഷപ്പ് ഒരു വര്‍ഷത്തിന് പിന്നാലെ രാജിവെക്കുകയായിരുന്നു. രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. പീഡന കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി.