പ്രേക്ഷകരില്ല; ‘കേരള സ്റ്റോറി 2’ കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി

news image
Feb 28, 2026, 5:31 am GMT+0000 payyolionline.in

കോഴിക്കോട്:നിയമപോരാട്ടങ്ങൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച ‘കേരള സ്റ്റോറി’ രണ്ടാം ഭാഗത്തിന്റെ കോഴിക്കോട്ടെ ആദ്യ ഷോ കാണാൻ ആളില്ലാത്തതിനെ തുടർന്ന് റദ്ദാക്കി. നഗരത്തിലെ റീഗൽ സിനിമാസിൽ ശനിയാഴ്ച രാവിലെ പത്തു മണിക്ക് നിശ്ചയിച്ചിരുന്ന ഷോയാണ് മാറ്റിവെച്ചത്. വെറും രണ്ട് പേർ മാത്രമാണ് ഷോയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പ്രേക്ഷകർ എത്താതിരുന്നതോടെ തീയറ്റർ അധികൃതർ പ്രദർശനം റദ്ദാക്കുകയായിരുന്നു. അതേസമയം, ഞായറാഴ്ച റീഗൽ, ഹൈലൈറ്റ് മാൾ, ഈ മാക്‌സ് ക്രൗൺ എന്നീ തീയറ്ററുകളിൽ ചിത്രത്തിന്റെ പ്രദർശനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സെൻസർ ബോർഡ് വിദഗ്ധ സമിതി കണ്ട് അനുമതി നൽകിയ ചിത്രത്തിന്റെ പ്രദർശനം തടയാനാകില്ലെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിനിമ തടയാനാകില്ലെന്നും അത് കൈകാര്യം ചെയ്യേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി.

നേരത്തെ, സിനിമ കേരളത്തിലെ മതസൗഹാർദ്ദത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി ഫ്രെഡി ഫ്രാൻസിസ്, ശ്രീദേവ് നമ്പൂതിരി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് ചിത്രത്തിന് സ്റ്റേ ഏർപ്പെടുത്തിയത്. ഇതിനെതിരെ നിർമ്മാതാക്കൾ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധി വന്നത്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും ഇടയിലാണ് ചിത്രം തീയറ്ററുകളിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe