കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി.
തൃശൂർ മെഡിക്കൽ കോളേജിലെ മനഃശാസ്ത്രജ്ഞർ, മനോരോഗ ചികത്സ വിദഗ്ദ്ധർ, ഞരമ്പ് രോഗ വിദഗ്ദ്ധർ എന്നിവർ അടങ്ങുന്ന മെഡിക്കൽ ബോർഡാണ് അമീറുൽ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് സംസ്ഥാന സർക്കാർ കൈമാറി. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ നേരത്തെ സ്റ്റേ ചെയ്തിരുന്നു.
തുടർന്ന് കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് കുറ്റവാളിയുടെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് സുപ്രീം കോടതിക്ക് കൈമാറിയിരിക്കുന്നത്. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച് കൊണ്ടാകും വധ ശിക്ഷയ്ക്ക് എതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുക.