കൊച്ചി: മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. സുധാകരനെതിരെ വഞ്ചനക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നൽകിയ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യ ഹരജി. പുരാവസ്തു തട്ടിപ്പ് കേസിന്റെ എഫ്.ഐ.ആറിൽ തനിക്കെതിരെ ആരോപണങ്ങളില്ലായിരുന്നെന്നും .സംശയത്തിന്റെ പേരിൽ 19 മാസത്തിനുശേഷമാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 14ന് കളമശ്ശേരി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളും യോഗങ്ങളും ഉള്ളതിനാൽ അന്ന് ഹാജരായില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെന്നും ഹരജിയിൽ പറഞ്ഞു. 14ന് ഹാജരാകാനുള്ള നോട്ടീസ് 10ന് മാത്രമാണ് ലഭിക്കുന്നതെന്ന് സുധാകരൻ ഹരജിയിൽ പറഞ്ഞു. അവിശ്വസനീയമായ കാരണങ്ങളും പൊലീസിനുമേലുള്ള രാഷ്ട്രീയ സമ്മർദവുമാണ് നോട്ടീസിന് കാരണം. തനിക്കെതിരെ കുറ്റങ്ങൾ നിലനിൽക്കില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ, ക്രിമിനൽ നടപടിക്രമം 41 എ പ്രകാരം നോട്ടീസ് ലഭിച്ചതിനാൽ പിന്നാലെ അറസ്റ്റുണ്ടായേക്കുമെന്ന ആശങ്കയുണ്ടെന്ന് ഹരജിയിൽ പറയുന്നു. അറസ്റ്റ് ചെയ്താൽ കസ്റ്റഡിയിൽ പീഡിപ്പിക്കാനും അവഹേളിക്കാനും അന്യായമായി തടവിൽ വെക്കാനും സാധ്യതയുണ്ട്. അതിനാൽ, അറസ്റ്റുണ്ടായാൽ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
മോൻസണിന് 25 ലക്ഷം രൂപ കൈമാറുമ്പോൾ സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ കേസ് എടുത്തിരിക്കുന്നത്. ലോക്സഭാംഗമായ സുധാകരന്റെ സഹായം നിങ്ങൾക്ക് ലഭിക്കുമെന്ന് പണം നൽകുമ്പോൾ മോൻസൺ ഉറപ്പ് നൽകിയിരുന്നുവെന്നും പരാതിക്കാർ വ്യക്തമാക്കിയിരുന്നു.