നഷ്ടമായത് തലമുതിർന്ന നേതാവിനെ: മുഖ്യമന്ത്രി

news image
Jul 31, 2023, 11:20 am GMT+0000 payyolionline.in

തിരുവനന്തപുരം: കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ്  വക്കം പുരുഷോത്തമന്റെ  നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച  വക്കം പുരുഷോത്തമൻ  സ്പീക്കർ പദവിയിലും  ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ  നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു.

വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും  അദ്ദേഹം  അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു.  വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.

വൈഷമ്യമേറിയ  ഒരു ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിൻ്റെ  സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കാണ് വക്കം വഹിച്ചത്. മന്ത്രിയെന്ന നിലയിൽ വികസനോന്മുഖമായ  വീക്ഷണം പുലർത്താൻ ശ്രദ്ധിച്ചു. കേരളത്തിന്റെ  പൊതുവായ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ  ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ  എംപി എന്ന നിലയിൽ സദാ സന്നദ്ധത പുലർത്തിയിരുന്നു.

വക്കം പുരുഷോത്തമന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന  കുടുംബാംഗങ്ങളെയും കോൺഗ്രസ്സ് പാർട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി   അനുശോചനം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe