നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; വീട്ടിൽ മരപ്പണിക്കെത്തിയ ആൾ കസ്റ്റഡിയിൽ, നടന്‍റെ ആരോഗ്യനിലയിൽ പുരോഗതി

news image
Jan 17, 2025, 10:46 am GMT+0000 payyolionline.in

മുബൈ: മുബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതി. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ലീലാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, നടനെ ആക്രമിച്ച സംഭവത്തിൽ ഒരാളെ കൂടി മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സെയ്ഫ് അലി ഖാന്‍റെ വീട്ടിൽ മരപ്പണിക്കാരനായി ജോലി ചെയ്ത കരാറുകാരനെയാണ് പിടികൂടിയത്. ആക്രമണം നടക്കുന്നതിന്‍റെ ഒരു ദിവസം മുമ്പ് തന്‍റെ ഭര്‍ത്താവ് നാലു പേരുമായി സെയ്ഫ് അലി ഖാന്‍റെ വീട്ടിൽ പോയിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു. അന്ന് തന്നെ മരപ്പണ തുടങ്ങിയെന്നും മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരാറുകാരനെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

ഇതോടെ കേസിൽ രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ നടൻ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയ സംഭവത്തിൽ ഒരാളെ മുബൈ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ പ്രതിയെ പിടിക്കാന്‍ മുംബൈ പൊലീസ് 20  പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. പ്രതിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ രണ്ടു പേര്‍ക്കും ആക്രമണത്തിൽ പങ്കുണ്ടോയെന്ന കാര്യത്തിലും കുറ്റകൃത്യം നടത്തിയതെങ്ങനെ എന്നത് സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. രണ്ടു പേര്‍ കസ്റ്റഡിയിലായെന്ന വിവരം മാത്രമാണ് പൊലീസ് നൽകുന്നത്.

സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയാള്‍ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്.കഴുത്തിലുൾപ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു.  ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നടനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയത്. ആക്രമിക്കപ്പെട്ട് ചോര വാര്‍ന്ന സെയ്ഫിനെ ഓട്ടോറിക്ഷയിലാണ് മകന്‍ ഇബ്രാഹിം ലീലാവതി ആശുപത്രിയില്‍ എത്തിച്ചത്.

സെയ്ഫ് അലി ഖാൻ, അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ കരീന കപൂർ, അവരുടെ രണ്ട് മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂർ, അഞ്ച് സഹായികള്‍ എന്നിവരാണ് 12 നിലകളുള്ള അപ്പാർട്ട്മെന്‍റിലെ 11 നിലയിലെ ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പൊലീസിന് നൽകിയ മൊഴിയിൽ, അക്രമിയെ ആദ്യം നേരിട്ടത് സെയ്ഫിന്‍റെ ഇളയമകന്‍ ജെയുടെ നാനി എലിയാമ ഫിലിപ്പാണ്. ഇവര്‍ പറഞ്ഞത് അനുസരിച്ച് അക്രമി ഇവരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി പറഞ്ഞു. അക്രമി നടന്‍റെ ഫ്ലാറ്റിലേക്ക് എന്തെങ്കിലും തകര്‍ത്ത് കയറിയതല്ലെന്നും, എന്നാൽ മോഷണം എന്ന ഉദ്ദേശത്തോടെ രാത്രിയിൽ ഏതെങ്കിലും സമയത്ത് എതോ സുരക്ഷയില്ലാത്ത വഴി വഴി നുഴഞ്ഞുകയറിയതാവാനാണ് സാധ്യതയെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe