തിരുനെല്ലി: ഒന്നരമാസത്തോളം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയേയും പരിസരങ്ങളെയും വിറപ്പിച്ച കടുവ കൂട്ടിലായി. മയക്കുവെടിവച്ച് പിടികൂടാൻ ഊർജിത ശ്രമം നടത്തുന്നതിനിടെ ചൊവ്വ രാത്രി 8.15 ഓടെയാണ് കൂട്ടിലകപ്പെട്ടത്. പനവല്ലി പള്ളിക്ക് സമീപം രവിയുടെ വീടിന് മുന്നിൽ വനംവകുപ്പ് വച്ച കൂട്ടിലാണ് കുടുങ്ങിയത്. ഇതോടെ കടുവാ ഭീതിക്ക് ആശ്വാസമായി.
വനം വകുപ്പ് എൻഡബ്ല്യു- 5 ആയി രേഖപ്പെടുത്തിയ കടുവയാണ്. 2016ലെ സെൻസസിൽ തിരുനെല്ലി വനത്തിൽ കണ്ടെത്തിയതായിരുന്നു. കഴിഞ്ഞ ജൂണിൽ തിരുനെല്ലി ആദണ്ഡയിൽ കൂടുവച്ച് പിടിച്ച് ഉൾവനത്തിൽവിട്ട കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങുകയായിരുന്നു. തിങ്കൾ മുതലാണ് മയക്കുവെടിവച്ച് പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. 62 അംഗ ദൗത്യ സംഘമാണ് ഉണ്ടായിരുന്നത്. രണ്ട് ദിവസം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ചൊവ്വാഴ്ച തിരച്ചിൽ അവസാനിപ്പിച്ചപ്പോഴാണ് കൂട്ടിലായത്. പശുക്കിടാവിനെയും വളർത്തുനായകളെയും കടുവ പിടികൂടി കൊന്നിരുന്നു. പലതവണ നാട്ടുകാർ കടുവയ്ക്ക് മുമ്പിൽപെട്ടു. ഒരുമാസത്തോളമായി മൂന്ന് കൂടുകൾ സ്ഥാപിച്ച് കാത്തിരുന്നിട്ടും കൂട്ടിലാകത്തതിനെ തുടർന്ന് കഴിഞ്ഞ 24ന് ആണ് മയക്കുവെടിവച്ച് പിടികൂടാൻ വൈൽഡ് ലൈഫ് പ്രിൻസിപ്പൽ സിസിഎഫ് ഡി ജയപ്രസാദ് ഉത്തരവിട്ടത്.