കുമളി: അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യത്തിന് തുടക്കം. കമ്പത്ത് അരിക്കൊമ്പനെ കണ്ടെത്തി. ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്താണ് അരികൊമ്പനെ കണ്ടെത്തിയത്. ദൗത്യസംഘം അരിക്കൊമ്പനുള്ള സ്ഥലത്തിനടുത്തേക്ക് എത്തുകയാണ്. കുങ്കിയാനകളെയും പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്.
നേരത്തെ കേരളംവിട്ട അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം ജനവാസ കേന്ദ്രത്തിലിറങ്ങിയിരുന്നു. ജനവാസ മേഖലയിൽ രാവിലെ ആറോടെയാണ് ആന എത്തിയത്. തെരുവിൽ ആനയെ കണ്ടതോടെ വാഹനങ്ങളിലും അല്ലാതെയും നാട്ടുകാർ കുതിച്ചെത്തി. ജനവാസ മേഖലയിൽനിന്ന് തുരത്താനായി പിന്നീട് ശ്രമം. ഇടുങ്ങിയ വഴിയിലൂടെ നീങ്ങിയ അരിക്കൊമ്പന് പുറത്തുകടക്കാൻ വഴിയറിയാതെ ഏറെനേരം തിരക്കേറിയ തെരുവിലൂടെത്തന്നെ ചുറ്റിനടന്നു.
ആന തെരുവിലെത്തിയതോടെ തുരത്താൻ വനപാലകരുടെ സംഘവും പൊലീസും രംഗത്തെത്തി. തെരുവിലൂടെ നീങ്ങുന്നതിനിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കമ്പം സ്വദേശി മുരുകന്റെ ഓട്ടോറിക്ഷ, വനംവകുപ്പിന്റെ വാഹനം, ഒരു ബൈക്ക് എന്നിവ തകർത്തു. ജനങ്ങൾ കൂട്ടംകൂടി ആനക്ക് പിന്നാലെ ശബ്ദമുയർത്തി നീങ്ങിയത് പ്രശ്നങ്ങൾക്കിടയാക്കിയതോടെ കലക്ടർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നീട് തിരക്കേറിയ കമ്പം നന്ദഗോപാലൻ തെരുവ്, കൃഷ്ണപുരം, ഉഴവർ ചന്തഭാഗങ്ങളിലൂടെ ഏറെനേരം ചുറ്റിയശേഷമാണ് ആന പട്ടണത്തിനു പിന്നിലുള്ള തെങ്ങിൻതോപ്പിലേക്ക് കയറി.