കാഞ്ഞങ്ങാട്: പ്രതിദിന ടിക്കറ്റുകൾ തികയാതെ വരുന്ന സാഹചര്യത്തിൽ കേരള ഭാഗ്യക്കുറി ടിക്കറ്റുകളുടെ തുക കൂട്ടുന്നത് സജീവ പരിഗണനയിൽ. കുറഞ്ഞ ടിക്കറ്റ് നിരക്ക് 40 രൂപയിൽനിന്ന് 50 രൂപയാക്കാനാണ് ആലോചന.
ഏജന്റുമാരുടെ പ്രതിഷേധം ഒഴിവാക്കാൻ മിനിമം സമ്മാനത്തുക 100 രൂപയിൽനിന്ന് 50 രൂപയാക്കുന്നതും പരിഗണനയിലാണ്. അതുവഴി കൂടുതൽ പേർക്ക് സമ്മാനത്തുക കിട്ടുമെന്നും കൂടുതൽ പേരിൽനിന്ന് ഏജന്റുമാർക്ക് സമ്മാന കമ്മിഷൻ കിട്ടുമെന്നും ലോട്ടറി വകുപ്പ് പറയുന്നു. ഏപ്രിൽ മൂന്നാംവാരം മുതൽ പരിഷ്കരിച്ച ടിക്കറ്റുകൾ വിപണിയിലിറക്കിയേക്കുമെന്നാണ് സൂചന.
തിങ്കളാഴ്ച വിൻവിൻ, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ഫിഫ്റ്റി-ഫിഫ്റ്റി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച നിർമൽ, ശനിയാഴ്ച കാരുണ്യ, ഞായറാഴ്ച അക്ഷയ എന്നീ പ്രതിദിന ലോട്ടറികളിൽ ഫിഫ്റ്റി-ഫിഫ്റ്റിക്ക് ഒഴികെ ടിക്കറ്റ് വില 40 രൂപയാണ്. ഇത് ദിവസവും 1.08 കോടി ടിക്കറ്റുകൾ അച്ചടിച്ച് വില്ക്കുന്നു. എന്നിട്ടും ക്ഷാമമാണ്. ഇതിന്റെ എണ്ണം കൂട്ടാനാകട്ടെ നിലവിൽ യന്ത്രസംവിധാനമില്ല. അതേസമയം, ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റുകൾ 80 മുതൽ 90 ലക്ഷം വരെ അച്ചടിക്കുന്നു. ഇതിന്റെ വില 50 രൂപയാണ്. ഇതിന് അത്ര ക്ഷാമമില്ല.
ടിക്കറ്റ് വില കൂട്ടുമ്പോൾ ക്ഷാമം കുറയുമെന്ന് വകുപ്പ് പ്രതീക്ഷിക്കുന്നു. അതനുസരിച്ച് സമ്മാനഘടനയും പരിഷ്കരിക്കും. ഒന്നാം സമ്മാനം നിലവിൽ എഴുപതും എൺപതും ലക്ഷം രൂപയാണ്. ഇത് ഒരു കോടിയോ അതിനു മുകളിലോ ആക്കും. ആളുകൾ ലോട്ടറി ടിക്കറ്റെടുക്കുന്നത് കൂടിയിട്ടുണ്ട്. അതനുസരിച്ച് ഏജന്റുമാരുടെയും നടന്നുവില്പനക്കാരടക്കമുള്ളവരുടെയും എണ്ണവും കൂടി. ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാണ് ദിവസവും നറുക്കെടുപ്പ്. അടുത്തകാലം വരെ നറുക്കെടുപ്പ് സമയത്തിന് തൊട്ടുമുൻപുവരെ വില്പനകേന്ദ്രങ്ങളിൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു. ഇപ്പോൾ അര മണിക്കൂറും ഒരുമണിക്കൂറും മുൻപേ തീരുന്നു. ഈ സാഹചര്യത്തിൽ ടിക്കറ്റുകളുടെ എണ്ണം കൂട്ടണമെന്നായിരുന്നു ഏജന്റുമാരുടെ ആവശ്യം. 12 സീരിസുകളിലായാണ് ടിക്കറ്റുകൾ അച്ചടിക്കുന്നത്.