ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരെല്ലാം സ്ത്രീകൾ; അനുശോചിച്ച് മുഖ്യമന്ത്രി

news image
Aug 25, 2023, 1:47 pm GMT+0000 payyolionline.in

മാനന്തവാടി (വയനാട്): മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരെല്ലാം സ്ത്രീകൾ. മരിച്ച ഒൻപതു തോട്ടം തൊഴിലാളികളിൽ 6 പേരെ തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല, റാബിയ, ഷീജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്.

തേയില തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. നാലു പേരുടെയും നില അതീവ ഗുരുതരമാണ്. വനം മന്ത്രി എ.കെ.ശശീന്ദ്രൻ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കണ്ണോത്ത് മലയ്ക്ക് സമീപം വളവും ഇറക്കവും ഉള്ള റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടു 25 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞതാണ് അപകടം ഗുരുതരമാക്കി. ദീപു ട്രേഡിങ് കമ്പനിയുടേതാണ് അപകടത്തിൽ പെട്ട ജീപ്പ്. കെഎൽ 11 ഡി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്.

∙ അനുശോചിച്ച് മുഖ്യമന്ത്രി

വയനാട് മാനന്തവാടി കണ്ണോത്ത് മലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റു അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ.ശശീന്ദ്രനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

∙ ദുഃഖം രേഖപ്പെടുത്തി രാഹു ഗാന്ധി

മാനന്തവാടിയിൽ തേയില തൊഴിലാളികളുടെ ജീവൻ അപഹരിച്ച ജീപ്പ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ കുറിച്ചു. ജില്ലാ അധികാരികളുമായി സംസാരിച്ചതായും വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും അപകടത്തിൽ പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ കുറിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe