ന്യൂഡൽഹി: ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിലൂടെ പങ്കുവെക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും സുപ്രീം കോടതി.
മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പരാമർശം നടത്തിയത്.
ജഡ്‌ജിമാർ സന്യാസിമാരെപോലെ ജീവിക്കണമെന്നും കുതിരയെപോലെ ജോലി ചെയ്യണമെന്നുമുള്ള പരാമർശങ്ങളാണ് സുപ്രീം കോടതി നടത്തിയത്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഫേസ്ബുക്കിൽ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ നാളെ വരാനിരിക്കുന്ന വിധി മറ്റൊരു തരത്തില്‍ പുറത്തു വരുമെന്നും കോടതി നിരീക്ഷിച്ചു.
അമിക്കസ് ക്യൂറിയും കോടതിയുടെ ഉപദേശകനുമായിരുന്ന മുതിർന്ന അഭിഭാഷകനായ ഗൗരവ് അഗർവാളിന്റെ സബ്മിഷനെത്തുടര്‍ന്നാണ് വനിതാ ജഡ്ജിമാർക്കെതിരായ പരാതികള്‍ ഉയര്‍ന്നത്.