ചോദ്യങ്ങൾക്ക് മറുപടി മൗനം; ഹൈദരാബാദ് പൊലീസിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അല്ലു അര്‍ജുന്‍

news image
Dec 24, 2024, 10:01 am GMT+0000 payyolionline.in

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്. എന്നാല്‍ ചോദ്യംചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ചോദിച്ച കാര്യങ്ങളോട് അല്ലു പ്രതികരിച്ചില്ല. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയര്‍ നടന്ന തിയറ്ററിലേക്ക് എത്തിയത് എന്തിനെന്ന് പൊലീസ് അല്ലു അര്‍ജുനോട് ചോദിച്ചു. സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മർദ്ദിച്ചതിൽ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്നായിരുന്നു പൊലീസിന്‍റെ മറ്റൊരു ചോദ്യം.

നേരത്തേ പൊലീസ് സംഘം പുറത്തുവിട്ട, സന്ധ്യ തിയറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അർജുന് മുന്നില്‍ പ്രദർശിപ്പിച്ചു. എപ്പോഴാണ് സ്ത്രീയുടെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നും പൊലീസ് അല്ലുവിനോട് ചോദിച്ചു. പരസ്പര വിരുദ്ധ പ്രസ്താവനകളല്ലേ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയതെന്നും പൊലീസ് അല്ലുവിനോട് ആരാഞ്ഞു. എന്നാല്‍ ഇതിനൊന്നും മറുപടി പറയാതെയാണ് അല്ലു അർജുൻ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇരുന്നത്. ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലുവിനെ ചോദ്യം ചെയ്തത്.

ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനായി അല്ലു അര്‍ജുന്‍ ഇന്ന് രാവിലെ ഹാജരായത്. ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe