ന്യൂഡൽഹി : ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വന്ന ചരക്കുകപ്പലിനു നേരെ ചെങ്കടലിൽ ഡ്രോൺ ആക്രമണം. ആഫ്രിക്കൻ രാജ്യമായ ഗബോണിന്റെ ഉടമസ്ഥതയിലുള്ള എംവി സായ്ബാബ എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ആളപായമില്ല. ആക്രമണത്തിനു പിന്നിൽ യെമൻ ഹൂതിവിമതരാണെന്ന് യുഎസ് പറഞ്ഞു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.
രാസവസ്തുക്കളുമായി പോയിരുന്ന മറ്റൊരു നോർവീഡിയൻ കപ്പലിനു നേരെയും ആക്രമണമുണ്ടായതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തെക്കൻ ചെങ്കടലിൽ പട്രോളിങ്ങിൽ ഏർപ്പെട്ട യുഎസ് നാവികസേനയുടെ കപ്പലിനെ രണ്ടു ചരക്കുകപ്പലുകളും ആക്രമണത്തെക്കുറിച്ച് അറിയിക്കുകയായിരുന്നുവെന്ന് യുഎസ് സൈന്യം എക്സിൽ അറിയിച്ചു. ഒക്ടോബർ 17 മുതൽ ചരക്ക് കപ്പലുകൾക്കുനേരെ നടക്കുന്ന 15-ാമത്തെ ആക്രമണമാണിതെന്നും യുഎസ് അറിയിച്ചു.