ന്യൂഡൽഹി ∙ ആപ്പിളിനു പുറമേ ഗൂഗിൾ പ്ലേ സ്റ്റോറിലും തട്ടിപ്പ് വായ്പ ആപ്പുകൾ സജീവം. ഗൂഗിൾ പ്ലേ സ്റ്റോറിലെ ഫിനാൻസ് വിഭാഗത്തിൽ ഏറ്റവുമധികം ഉപയോക്താക്കളുള്ള 200 ആപ്പുകളിൽ ഇരുപതിലേറെ വ്യാജ വായ്പ ആപ്പുകളുണ്ടെന്ന് ഫിൻടെക് വിദഗ്ധനായ ബാബുലാൽ പുനിയയുമായി ചേർന്നുള്ള പരിശോധനയിൽ വ്യക്തമായി. ആദ്യ അൻപതിൽ മാത്രം നാലെണ്ണം വ്യാജമാണ്. ഇവയോരോന്നും കുറഞ്ഞത് ഒരു ലക്ഷത്തിലേറെ പേർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ പേരുപയോഗിച്ചുള്ള കാഷ് പ്രോസ്പർ എന്ന ആപ്പ് തുടങ്ങിയിട്ട് 20 ദിവസമേ ആയുള്ളൂ. എന്നാൽ, ഡൗൺലോഡുകൾ അൻപതിനായിരത്തിലേറെയാണ്.
[email protected] എന്നാണ് ബജാജ് കമ്പനിയുടെ പേരുപയോഗിക്കുന്ന തട്ടിപ്പ് ആപ്പിന്റെ ഇമെയിൽ വിലാസം. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഇതിൽ മിക്ക ആപ്പുകളും പ്രവർത്തനമാരംഭിച്ചത്.
ഇവയിൽ നിന്ന് വായ്പയെടുക്കുന്നവർ വൻകുരുക്കിലാണ് ചെന്നുപെടുന്നത്. കൊള്ളപ്പലിശ സഹിതം തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് വരെ ഭീഷണിപ്പെടുത്തുന്നതാണ് ഇത്തരം റാക്കറ്റുകളുടെ രീതി.
പരിശോധനയിൽ കണ്ടത്
∙ ടോപ്പ് 50 എണ്ണത്തിലുള്ള ക്രെഡിറ്റ്വോലറ്റ്: ഈസി ലോൺ, എഐ ക്രെഡിറ്റ്: പഴ്സനൽ ലോൺ, ഫ്യൂച്ചർ റുപ്പി-ക്രെഡിറ്റ് ലോൺ, എൻജോയ് റുപ്പി എന്നിവ വ്യാജമെന്ന് തെളിഞ്ഞു.
∙ 38–ാം സ്ഥാനത്തുള്ള ക്രെഡിറ്റ്വോലറ്റ്: ഈസി ലോൺ എന്ന ആപ്പിനൊപ്പം വിവിഫൈ ഇന്ത്യ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഇത് തങ്ങളുടേതല്ലെന്ന് വിവിഫൈ സ്ഥിരീകരിച്ചു.
∙ രണ്ടാഴ്ച മുൻപ് റിസർവ് ബാങ്ക് ലൈസൻസ് റദ്ദാക്കിയ കൈലാഷ് ഓട്ടോ ഫിനാൻസ് ലിമിറ്റഡിന്റെ പേരിലാണ് എഐ ക്രെഡിറ്റ് പ്രവർത്തിക്കുന്നത്.
ശ്രദ്ധിക്കാൻ
അംഗീകൃത ഡിജിറ്റൽ വായ്പ ആപ്പുകൾ അവരുമായി സഹകരിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ പേര് നൽകണമെന്നാണ് ചട്ടം. എന്നാൽ ആപ്പിനൊപ്പമുള്ള പേര് വ്യാജമാകാനിടയുള്ളതിനാൽ ധനകാര്യസ്ഥാപനത്തിന്റെ വെബ്സൈറ്റ് പരിശോധിക്കുകയോ അവരെ നേരിട്ട് വിളിച്ചന്വേഷിക്കുകയോ ചെയ്യണം. ഗൂഗിളിലടക്കം ആപ്പിന്റെ പേര് തിരഞ്ഞും ആധികാരികത പരിശോധിക്കണം.