തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷം അടുത്തതോടെ ട്രെയിൻ ടിക്കറ്റുകൾ കിട്ടാക്കനിയാകുന്നു. തിരക്കുള്ള റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാതിരുന്ന തിരുവനന്തപുരം–-മംഗളൂരു, മംഗളൂരു–-തിരുവനന്തപുരം, തിരുവനന്തപുരം–-ചെന്നൈ, ചെന്നൈ–- തിരുവനന്തപുരം, ബംഗളൂരു–-തിരുവനന്തപുരം നോർത്ത്, ഹൈദരാബാദ് –-തിരുവനന്തപുരം ട്രെയിനുകളിൽ വെയിറ്റിങ് ലിസ്റ്റ് നൂറിന് മുകളിലായി. മുൻകൂർ റിസർവേഷൻ ടിക്കറ്റ് എടുക്കാനുള്ള സമയപരിധി നാലുമാസത്തിൽ നിന്ന് അറുപത് ദിവസമാക്കി കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കി. തിരക്ക് അനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതിനാണ് സമയപരിധി കുറച്ചതെന്ന റെയിൽവേയുടെ വാദവും ഇതോടെ പൊളിയുകയാണ്.
അതേസമയം തിരക്കുപരിഗണിച്ച് ബംഗളൂരു, ചെന്നൈ, നാഗർകോവിൽ എന്നിവിടങ്ങളിലേക്ക് അധിക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. പ്രതിദിന സർവീസുകൾക്ക് പുറമേ 90 സർവീസുകൾ നടത്തും.
ടിക്കറ്റ് നിരക്ക് നിലിരട്ടിയോളം വർധിപ്പിച്ച് വിമാന കമ്പനികളും യാത്രക്കാരെ കൊള്ളയടിക്കുകയാണ്. ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് ശരാശരി 13,500 മുതൽ 16,000 രൂപവരെയായി.
ബംഗളൂരൂ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് സർവീസുകളും ചാർജ് കൂട്ടി. നിലവിൽ ആയിരം മുതൽ രണ്ടായിരംവരെയാണ് വർധന. തുടർദിവസങ്ങളിൽ ഇതും വർധിക്കും.