കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 33 ലക്ഷത്തിന്റെ സ്വർണം പിടികൂടി. വിമാനത്താവളത്തിനു പുറത്തുവച്ച് പൊലീസാണ് 577.5 ഗ്രാം സ്വർണം പിടികൂടിയത്. ദോഹയിൽനിന്ന് ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി സതീശിൽനിന്നാണു സ്വർണം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നീക്കം.
കസ്റ്റംസിന്റെ ഉൾപ്പെടെ മുഴുവൻ പരിശോധനകളും കഴിഞ്ഞ് പുറത്തിറങ്ങിയ ആളിൽനിന്നാണു സ്വർണം പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ സതീശിനെ പിടികൂടി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് എക്സ്റേ എടുത്തപ്പോഴാണ് ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത് മനസ്സിലായത്.
ശരീരത്തിന്റെ രഹസ്യഭാഗത്ത് ക്യാപ്സൂൾ ഒളിപ്പിച്ചാണ് സ്വർണക്കടത്തിന് ശ്രമിച്ചതെന്നാണ് വിവരം. ഈ വർഷം വിമാനത്താവളത്തിനു പുറത്തുവച്ച് പൊലീസ് പിടികൂടുന്ന 32ാമത്തെ കേസാണിത്. സതീശിനെ ഉപയോഗിച്ച കള്ളക്കടത്തുകാർക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.