കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുല്‍ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നല്കി പെണ്‍കുട്ടി. കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ പരാതി. പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് ആരോപണം.
സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ അന്വേഷണം ഉണ്ടായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിയായ രാഹുലിനെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളാണെന്നും പരാതിയിലുണ്ട്. കേസെടുക്കാൻ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പരാതി.
കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞ് ഏഴാം നാൾ തന്നെ കാണാനെത്തിയ വീട്ടുകാരോടാണ് പീഡനവിവരം യുവതി തുറന്ന് പറയുന്നത്. ഭർത്താവായ രാഹുലിനെതിരെ ഗാർഹിക പീഡനത്തിനാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. എന്നാൽ, വധശ്രമം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കഴിഞ്ഞ അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം. കഴിഞ്ഞ ദിവസം സൽക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതോടെ എറണാകുളത്ത് നിന്നെത്തിയ വീട്ടുകാർ കാര്യം തിരക്കി. തുടര്‍ന്നാണ് രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ വധുവിന്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. വിവാഹബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു.