കൊയിലാണ്ടിയിൽ വൊക്കേഷണൽ എക്സ്പോ – പ്രദർശന വിപണനമേള നാളെ ആരംഭിക്കും

news image
Oct 30, 2023, 1:51 pm GMT+0000 payyolionline.in
കൊയിലാണ്ടി:  ഒക്ടോ. 31- നവം. 1 തിയ്യതികളിലായി ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ  നടക്കുന്ന കോഴിക്കോട്, വയനാട് ജില്ല വി എച്ച് എസ് ഇ റീജ്യണൽ വൊക്കേഷണൽ എക്സ്പോ കെ മുരളീധരധരൻ എം പി ഉദ്ഘാടനം ചെയ്യും.
38 ഓളം സ്കൂളുകളിലെ 120 ലധികം  ബാച്ചുകളിലെ വിദ്യാർത്ഥികൾ അഗ്രിക്കൾച്ചർ, എഞ്ചിനിയറിംഗ്, വെറ്റിനറി, ഫാർമസ്യൂട്ടിക്കൽ, ഫിഷറീസ്, കൊമേഴ്സ് തുടങ്ങിയ വിവിധ മേഖലകളിലെ അവരുടെ പഠനത്തിൻ്റെ ഭാഗമായുള്ള പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെൻ്ററുകളിൽ വികസിപ്പിച്ചെടുത്ത പ്രൊജക്ടുകളും ഉത്പന്നങ്ങളും 40  ഓളം വൈവിധ്യമാർന്ന സ്റ്റാളുകളിലായി പ്രദർശിപ്പിക്കുന്നു. മുന്നൂറോളം ശാസ്ത്ര പ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. പ്രദർശനവും വിധി നിർണ്ണയ ശേഷം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും സ്റ്റാളുകളിൽ ഒരുക്കുന്നതാണ്. ഇന്നവേറ്റീവ്, കരിക്കുലം, പ്രോഫിറ്റബിൾ, മാർക്കറ്റബിൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് വിദ്യാർത്ഥികൾ മത്സരിക്കുന്നത്. മേഖലാതലത്തിൽ വിജയികളാവുന്ന ടീമിന് സംസ്ഥാന തല വൊക്കേഷണൽ എക്സ്പോയിൽ പങ്കെടുക്കാൻ അർഹത ലഭിക്കുന്നതാണ്.
ജില്ലാ സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ  നടക്കുന്ന വൊക്കേഷണൽ എക്സ്പോയിൽ നൂതനവും വൈവിധ്യപൂർണ്ണവുമായ നിരവധി പ്രൊജക്ടുകളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്നതാണ്. വിധി നിർണ്ണയ ശേഷം വിൽപ്പന ഉണ്ടായിരുക്കുന്നതാണ് എന്നതും മേളയിലുടനീളം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും യാതൊരു നിയന്ത്രണവും ഇല്ലാത്ത സൗജന്യ പ്രവേശനം ലഭ്യമാണ് എന്നതും എക്സ്പോ യുടെ മാത്രം പ്രത്യേകതയാണ്.
മേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘവും വിവിധ സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നു. പരിപാടി നടക്കുന്ന രണ്ട് ദിവസങ്ങളിലും കോഴിക്കോട് വയനാട് ജില്ലകളിലെ വിദൂര മേഖലകളിൽ നിന്നും എത്തുന്ന മൽസരാർത്ഥികൾക്കും എസ്കോർട്ടിംഗ് സ്റ്റാഫിനും ഉൾപ്പെടെ ആവശ്യമായ എല്ലാ ഒരുക്കങ്ങളും വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള ഒക്ടോ. 31 കാലത്ത് 10 ന് വടകര എം പി  കെ മുരളീധരൻ  ഉദ്ഘാടനം ചെയ്യുന്നു. ജനപ്രതിനിധികൾ, സാംസ്ക്കാരിക നായകൻമാർ , ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
കാലത്ത് 9 മണിക്ക് രജിസ്ട്രേഷൻ നടപടിക്രമങ്ങളോടെ തുടങ്ങുന്ന മേള 10 മണിക്ക് ഉദ്ഘാടനവും തുടർന്ന് വിവിധ സ്റ്റാളുകളിൽ നാല് വ്യത്യസ്ത കാറ്റഗറികളിലായി  ക്രമീകരിക്കുന്ന പ്രൊജക്ടുകളും ഉത്പന്നങ്ങളും വൈകിട്ട് അതത് മേഖലകളിലെ വിദഗ്ദ്ധരുടെ വിധി നിർണ്ണയത്തിനു ശേഷം രണ്ടാം ദിനം കാലത്തു മുതൽ  പ്രദർശന വിപണന മേളയായി മാറുന്നതാണ്. എക്സ്പോ രണ്ടാം ദിനം നവം.1 ന് സമാപിക്കും. സമാപന സമ്മേളനം നവം 1 ന് വൈകുന്നേരം 3.30 ന് മണിക്ക് കാനത്തിൽ ജമീല എം.എൽ. എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും സമാപനചടങ്ങിൽ സംബന്ധിക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe