കേരളത്തിന് ഐസിഎംആറിന്റെ അനുമതി, നിപ പരിശോധന ഇനി ട്രൂനാറ്റ് ലാബുകളിലും

news image
Sep 20, 2023, 1:28 pm GMT+0000 payyolionline.in

തിരുവനന്തപുരം: നിപ പരിശോധന ഇനി ട്രൂനാറ്റ് സൗകര്യമുള്ള ലാബുകളിലും നടത്താം. കേരളം ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് അനുമതിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ട്രൂനാറ്റ് പരിശോധനയിൽ ഫലം വ്യക്തമായാലും നിലവിലെ മാനദണ്ഡം അനുസരിച്ച് പൂനെയിലേക്ക് സാമ്പിൾ അയക്കുന്നത് തുടരും. നിരന്തരം നിപ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പരിശോധന വികേന്ദ്രീകരിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

നിലവിൽ നിപ സംശയിക്കുന്ന സാമ്പിളുകൾ,  ബിഎസ് ലെവൽ 2 പ്ലസ് സൗകര്യമുള്ള ആലപ്പുഴ എൻഐവിയിലേക്കോ, തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ, കോഴിക്കോട് മെഡിക്കൽ കോളെജുകളിലേക്കോ അയക്കും. പിസിആർ പരിശോധന നടത്തി ഫലം വ്യക്തമായാലും
പൂനെയിലേക്ക് അയക്കും. പൂനെ ഫലം അനുസരിച്ച് പ്രഖ്യാപനം നടത്തും. ഇനി മുതൽ നിപ സംശയിച്ചാൽ,  ട്രൂ നാറ്റ് സൗകര്യമുള്ള ഏത് ലാബിലും പരിശോധന  നടത്താം.

പിസിആർ പരിശോധന അപേക്ഷിച്ച് ട്രൂനാറ്റിൽ ഫലം അറിയാൻ കുറച്ച് സമയം മതി.  അധികം സാമ്പിളുകളില്ലെങ്കിൽ പരിശോധിക്കാനും എളുപ്പം. സാമ്പിളെടുക്കുമ്പോൾ തന്നെ നിർജ്ജീവമാക്കുന്നതിനാൽ രോഗവ്യാപനം ഭയക്കേണ്ട. ട്രൂനാറ്റ് പരിശോധനയിൽ ഫലം പോസിറ്റിവായാലും അല്ലെങ്കിലും പ്രഖ്യാപനത്തിനായി പൂനെയിലേക്ക് തന്നെ അയക്കണം. തുടർകേസുകളിൽ ലോറിസ്ക് സാമ്പിളുകൾ കേരളത്തിലെ ബിഎസ് ലെവൽ 2 പ്ലസ് ലാബുകളിൽ പരിശോധിക്കും. നിപ സംശയിക്കുന്ന സാഹചര്യങ്ങൾ ജാഗ്രതനടപടികൾ സ്വീകരിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ പുതിയ തീരുമാനം സഹായിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe