കെഎസ്ഇബിക്ക് തിരിച്ചടി; വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും കമ്പനികൾ മുന്നോട്ട് വെച്ചത് ഉയർന്ന തുക

news image
Sep 5, 2023, 11:16 am GMT+0000 payyolionline.in

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ഇബിക്ക് വീണ്ടും തിരിച്ചടി. 150 മെഗാ വാട്ട് വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും ഉയർന്ന തുകയാണ് കമ്പനികൾ മുന്നോട്ട് വെച്ചത്. യൂണിറ്റിന് 7 രൂപ 60 പൈസ മുതൽ 9 രൂപ 36 പൈസ വരെയാണ് ലഘു കരാറില്‍ കമ്പനികൾ മുന്നോട്ട് വെച്ചത്. നിരക്ക് കുറക്കണമെന്ന് കെഎസ്ഇബി കമ്പനികളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചർച്ച തുടരും.

നടപടി ക്രമങ്ങളുടെ വീഴ്ച പറഞ്ഞ് റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പുനസ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് സർക്കാറും കെഎസ്ഇബിയും. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി കരാർ പുനസ്ഥാപിക്കുന്നതിൽ അന്തിമ തീരുമാനം മന്ത്രി സഭ ഉടന്‍ എടുക്കും. സ്ഥിതി ഗതികൾ ചീഫ് സെക്രട്ടറി വിളിച്ച ഉന്നത തല യോഗം വിലയിരുത്തി. ആര്യാടൻ മുഹമ്മദിന്‍റെ കാലത്ത് 25 വർഷത്തേക്ക് ഒപ്പിട്ട കരാറായിരുന്നു ഈ മെയ് 10ന് റദ്ദാക്കിയത്. ഇതോടെ 465 മെഗാ വാട്ട് കുറഞ്ഞു. മഴയും കുറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിച്ചു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതിക്ക് ഇപ്പോൾ 9 രൂപ ശരാശരി നൽകിയാണ് പ്രതിദിനം പവർ എക്സ്ചേഞ്ചിൽ നിന്നും വാങ്ങുന്നത്. കരാർ പുനസ്ഥാപിക്കണമെന്ന് കെഎസ്ഇബി നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഒടുവിൽ സർക്കാർ ഇടപെടുന്നത്.

ഇലക്ടിസിറ്റി ചട്ടത്തിലെ സെക്ഷൻ 108 പ്രകാരം റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ സർക്കാറിന് റഗുലേറ്ററി കമ്മീഷനോട് ആവശ്യപെടാൻ കഴിയും. ഈ വഴിയാണ് നോക്കുന്നത്. പക്ഷെ കുറഞ്ഞ നിരക്കിൽ തുടർന്നും കമ്പനികൾ വൈദ്യുതി നൽകുമോ എന്നാണ് അറിയേണ്ടത്. ഇന്നലെ ഹ്രസ്വകാല ടെണ്ടറിൽ പങ്കെടുത്ത അദാനി പവർ കമ്പനി യൂണിറ്റിന് 6 രൂപ 90 പൈസയും ഡിബി പവർ കമ്പനി 6 രൂപ 97 പൈസയുമാണ് മുന്നോട്ട് വെച്ചത്. റിവേഴ്സ് ബിഡ് ചർച്ചയിൽ കെഎസ്ഇബി ആവശ്യപ്പെട്ടത് അനുസരിച്ചാണ് രണ്ട് കമ്പനികളും 6.88 ആയി നിരക്ക് കുറച്ചത്. അദാനി 303 മെഗാവാട്ടും ഡിബി 100 മെഗാവാട്ടും നൽകാമെന്നാണ് അറിയിച്ചത്. കരാറിൽ ഇനി തീരുമാനമെടുക്കേണ്ടത് റഗുലേറ്ററി കമ്മീഷനാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe