കുസാറ്റിലെ ദുരന്തം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം, നവകേരള സദസ്സിലെ ആഘോഷ പരിപാടികള്‍ റദ്ദാക്കി

news image
Nov 25, 2023, 4:18 pm GMT+0000 payyolionline.in

കൊച്ചി:കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞ ദാരുണ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. യോഗത്തില്‍ ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്. ദുഃഖ സൂചകമായി നാളെ നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

 

വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. ഇരുവരും കളമശ്ശേരിയിലെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഡോക്ടര്‍മാരുടെ സംഘം എറണാകുളത്ത് ഉടന്‍ എത്തിച്ചേരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. നാളത്തെ നവകേരള സദസ്സില്‍ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe