കശ്മീരിൽ തകർന്നടിഞ്ഞ് ബി ജെ പി; ഹരിയാനയിൽ വ്യക്തമായ ലീഡ്

news image
Oct 8, 2024, 6:56 am GMT+0000 payyolionline.in

ന്യൂഡൽഹി> ജമ്മുകശ്മീരിൽ കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യം തുടർച്ചയായി ലീഡ് നിലനിർത്തി ഭരണത്തിലേക്ക്. നാഷണൽ കോൺഫറൻസ് വ്യക്തമായ മുന്നേറ്റമാണ് ജമ്മുകശ്മീരിലുണ്ടാക്കിയത്.

വോട്ടെണ്ണൽ പുരോഗമിക്കവെ ഹരിയാനയിൽ പ്രതീക്ഷയിലായിരുന്ന കോൺഗ്രസ് ലീഡ് തിരിച്ചു പിടിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് പിന്തള്ളപ്പെട്ടു. ബി ജെ പി വ്യക്തമായ ലീഡ് നിലനിർത്തുന്നു.

ജമ്മു-കശ്മീരില്‍ ഇന്ത്യ സഖ്യത്തിന് ജനവിധി അനുകൂലമായി എങ്കിലും വെല്ലുവിളി തുടരും. വോട്ടവകാശമുള്ള അഞ്ചുപേരെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവർണറുടെ നീക്കം ജനാധിപത്യത്തെ അട്ടിമറിക്കുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

ഒമർ അബ്ദുളള മത്സരിച്ച രണ്ട് സീറ്റുകളിലും മുന്നിലാണ്. മെഹ്ബൂബ മുഫ്ത്തിയുടെ പിഡിപി 4 സീറ്റുകളിൽ ഒതുങ്ങി. മെഹ്ബൂബ മുഫ്ത്തിയുടെ മകൾ ഇൽത്തിജ തോറ്റു. തോൽവി അംഗീകരിക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ഇൽത്തിജയുടെ ട്വീറ്റും പുറത്ത് വന്നു. ഭരണത്തിൽ നിർണ്ണായക സ്വാധീനം ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു പി ഡി പി. ലീഡ് ഉറപ്പായതോടെ ജമ്മു കശ്മീരിൽ പിഡിപിയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഒമർ അബ്ദുല്ല പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പൂർണമായി അറിഞ്ഞിട്ട് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും പറഞ്ഞു. നിലവിലെ ലീഡുകൾ വിലയിരുത്തുമ്പോൾ ബിജെപി ജമ്മു മേഖലയിൽ മാത്രമായൊതുങ്ങി.  ബസോലി സീറ്റിൽ ബിജെപി വിജയിച്ചു. പത്തുവര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ്. ജമ്മു കശ്മീരിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. മൂന്ന് ഘട്ടമായി നടന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe