കണ്ണൂർ: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി രണ്ടു യുവതികൾക്ക് പണം നഷ്ടമായി. ഇൻസ്റ്റഗ്രാമിൽ പാർട്ട്ടൈം ഓൺലൈൻ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസേജ് കണ്ട് പണം നൽകിയ ധർമടം സ്വദേശിനിക്ക് 1,10,547 രൂപ നഷ്ടമായി.
നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിനിരയാക്കിയത്. മറ്റൊരു പരാതിയിൽ വിവൃറ്റി കാപിറ്റൽ എന്ന വ്യാജ വെബ്സൈറ്റ് വഴി രണ്ടു ലക്ഷം രൂപ ലോണിന് അപേക്ഷിച്ച കണ്ണാടിപ്പറമ്പ് സ്വദേശിനിയായ യുവതിക്ക് 46,522 രൂപ നഷ്ടപ്പെട്ടു. പ്രോസസിങ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ യുവതിയിൽനിന്ന് പണം കൈക്കലാക്കിയത്. ആരും അംഗീകാരമില്ലാത്ത ആപ്പുകൾ വഴി ലോണെടുക്കാൻ ശ്രമിക്കുകയോ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുതെന്ന് ജില്ല പൊലീസ് അറിയിച്ചു.