തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന് യദു പരാതി നൽകി. ഒന്നുകിൽ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞുവിടണമെന്നാണ് യദുവിന്‍റെ പരാതിയില്‍ ആവശ്യപ്പെടുന്നത്. താനും മകനും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിൽ പറയുന്നു.
തിരുവനന്തപുരം മേയര്‍ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിനെ ജോലിയിൽനിന്നു മാറ്റിനിർത്തിയത്. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് യദുവിനെതിരായ നടപടി. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഏപ്രിലിൽ തിരുവനന്തപുരം പാളയത്ത് വച്ചായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി.
ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിനു കുറുകെ കാര്‍ നിര്‍ത്തി ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്.