തിരുവനന്തപുരം> സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസിൽ തന്നെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തിന്റെ നിലപാടിൽ മാറ്റമില്ല. മൂന്നുവയസ് മുതൽ കുട്ടികൾ നഴ്സറിയിൽ പോയിത്തുടങ്ങും. അഞ്ച് വയസാകുമ്പോൾ തന്നെ ഒന്നാം ക്ലാസിൽ പഠിക്കാൻ കുട്ടികൾ പ്രാപ്തരാകും. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് ജനിക്കുന്ന എല്ലാ കുട്ടികളെയും സ്കൂളിൽ ചേർക്കും. അതേപ്പോലെയല്ല മറ്റ് സംസ്ഥാനങ്ങളിൽ. നിലവിലുള്ള സംവിധാനത്തെ മാറ്റിയാൽ സാമൂഹികപ്രശ്നം ഉണ്ടായേക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020ലെ നിർദേശമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് പൂർത്തിയാകണമെന്നത്. എന്നാലിത് ഈ വർഷം നടപ്പാക്കേണ്ടെന്ന് തീരുമാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.