തിരുവനന്തപുരം: ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ പെടുത്തിയ ഐഎസ്ആർഒ ഗൂഢാലോചന കേസിൽ പ്രതികൾക്ക് നോട്ടീസ് അയച്ച് കോടതി. മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരുന്നത്. കുറ്റപത്രം അംഗീകരിച്ച സിജെഎം കോടതിയാണ് പ്രതികൾക്ക് സമൻസ് അയച്ചത്. ജൂലൈ 26ന് പ്രതികൾ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം.
മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്ഐആറിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എഫ്ഐആറിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.