എഫ്ഐആർ റദ്ദാക്കാൻ ചന്ദ്രബാബു നായിഡു സുപ്രീം കോടതിയിൽ; ഒടുവിൽ ചീഫ് ജസ്റ്റിസിന് വിട്ടു

news image
Jan 16, 2024, 3:19 pm GMT+0000 payyolionline.in

ദില്ലി: അഴിമതി കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്‍റെ ഹര്‍ജി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചിന് വിട്ടു. നൈപുണ്യവികസന അഴിമതിക്കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ചന്ദ്രബാബു നായിഡു സുപ്രീം കോടതിയിലെത്തിയത്. ഹർജി പരിഗണിച്ച ജസ്റ്റീസ് അനിരുദ്ധ ബോസ്, ബേല എം തൃവേദി എന്നിവർ രണ്ട് ഭിന്ന വിധികളെഴുതിയതോടെയാണ് ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചിലേക്ക് കേസ് വിട്ടത്.

അഴിമതിക്കേസിൽ നായിഡുവിനെതിരെ എഫ്‌ ഐ ആർ റദ്ദാക്കാൻ വിസമ്മതിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്. നായിഡുവിനെതിരായ പി സി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ അന്വേഷിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്ന് ജസ്റ്റിസ് ബോസ് പറഞ്ഞപ്പോൾ, അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് മുൻകാലത്തേക്ക് ബാധകമല്ലെന്ന് ജസ്റ്റിസ് ത്രിവേദിയും വ്യക്തമാക്കി. എഫ് ഐ ആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവ് ശരിവച്ചു. റിമാൻഡ് ഉത്തരവിലും ഹൈക്കോടതിയുടെ വിധിയിലും ഒരു നിയമവിരുദ്ധതയും കാണുന്നില്ലെന്ന് നായിഡുവിന്റെ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് ത്രിവേദി പറഞ്ഞു.

വിഷയം വിശാല ബെഞ്ചിന് മുന്നിൽ വയ്ക്കുന്നത് പരിഗണിക്കാൻ ബെഞ്ച് ചീഫ് ജസ്റ്റിസിന് വിട്ടു. കോടികളുടെ എ പി സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയും ടി ഡി പി മേധാവിയുമായ നായിഡുവിനെ 2023 സെപ്‌റ്റംബർ 9 ന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി കഴിഞ്ഞ വർഷം നവംബർ 20 ന് ചന്ദ്രബാബു നായിഡുവിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ചന്ദ്രബാബു നായിഡു സുപ്രീം കോടതിയിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe