അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്നുമാണ് വാദത്തിനിടെ പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കേസിന്റെ അന്വേഷണവുമായി താൻ പൂർണമായും സഹകരിക്കുമെന്നും, ക്രൈം ബ്രാഞ്ച് നേരത്തെ ആവശ്യപ്പെടാത്തതു കൊണ്ടാണ് ഇതിന് മുമ്പ് ഹാജരാകാത്തതെന്നും വിദേശത്തേക്ക് പോയതെന്നുമാണ് പ്രതിയുടെ വാദം. എകെജി സെന്ററിന് നേരെയുണ്ടായ ആക്രണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാനാണ് എന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.
സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം പല സ്ഥലങ്ങളിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. കഴക്കൂട്ടം, വെൺപാലവട്ടം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. എ.കെ.ജി സെന്റര്‍ ആക്രമണം നടക്കുമ്പോൾ സൂത്രധാരനായ സുഹൈൽ നഗരത്തിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ആക്രമണം നടന്ന ദിവസം രാത്രി ഇയാൾ സഞ്ചരിച്ച വഴികളിലൂടെയായിരുന്നു പൊലീസ് തെളിവെടുപ്പ് നടത്തിയത്.