ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല: കുഞ്ഞാലിക്കുട്ടി

news image
Aug 9, 2023, 4:35 am GMT+0000 payyolionline.in

മലപ്പുറം∙ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ യുഡിഎഫ് സ്ഥാനാർഥിത്വത്തെ പ്രകീർത്തിച്ചും വിജയാശംസകൾ നേർന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ‘‘ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല.’’– എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

‘‘പുത്രൻ പിതാവിന്റെ പൊരുളാണെന്ന് പഴമൊഴിയുണ്ട്. ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല. ഉമ്മൻ ചാണ്ടിയെന്ന മഹാ പ്രതിഭാസം തെളിച്ച വഴികളിലൂടെ അപ്പയുടെ ഗുണഗണങ്ങൾ പേറുന്ന പുത്രന് പുതുപ്പള്ളിയുടെ സ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. പുതുപ്പള്ളിയിൽ യുഡിഎഫ് ചരിത്ര വിജയം നേടും.’’ – പി.കെ. കുഞ്ഞാലിക്കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു.

ഡൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയായി ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടായത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe