ഉത്തരേന്ത്യയിൽ ശൈത്യതരംഗം

news image
Jan 15, 2024, 4:48 am GMT+0000 payyolionline.in
ന്യൂഡൽഹി : ശൈത്യതരംഗം ആഞ്ഞടിച്ചതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില കൂപ്പുകുത്തി. ഡൽഹിയിൽ ഞായർ രാവിലെ 3.5 ഡിഗ്രിയായി താപനില താഴ്‌ന്നു. കനത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടതോടെ വാഹന ഗതാഗതം താറുമാറായി. 20വരെ കനത്ത മൂടൽമഞ്ഞുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്‌. ഡൽഹിയിൽ നഴ്‌സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ളവർക്ക്‌ തിങ്കളാഴ്‌ച മുതൽ വീണ്ടും ക്ലാസ്‌ തുടങ്ങും. രാവിലെ ഒമ്പതിനുമുമ്പും വൈകിട്ട്‌ അഞ്ചിനുശേഷവും ഒരു ക്ലാസും നടത്തരുതെന്ന്‌ സർക്കാർ മുന്നറിയിപ്പുണ്ട്‌.

ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രാവിലെ അഞ്ചിന്‌ ദൂരക്കാഴ്‌ച പൂജ്യമായതോടെ ഏഴ്‌ വിമാനം വഴിതിരിച്ചു വിട്ടു. ഡൽഹിയിലേക്കുള്ള പതിനെട്ട് ട്രെയിൻ മണിക്കൂറുകൾ വൈകി. ഡൽഹിക്ക്‌ പുറമെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ദക്ഷിണ രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗത്തിനു പുറമെ  കനത്ത മൂടൽമഞ്ഞുണ്ടാകുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ്‌ നൽകി. പഞ്ചാബിലെ ലുധിയാനയിൽ ഞായർ രാവിലെ താപനില 2.5 ഡിഗ്രിയായി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്ക്‌ പ്രകാരം ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഞായർ രാവിലെ 365 ആണ്‌. വളരെ മോശം വിഭാഗമാണിത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe