കൊച്ചി: കൊച്ചി കപ്പൽശാല നിർമിച്ച, ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരൻ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും. 50 പേരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ യാനം.
2070ഓടെ രാജ്യത്ത് ഹരിതഗൃഹവാതകങ്ങൾമൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള പരിപാടിയുടെ ഭാഗമായുള്ള പൈലറ്റ് പദ്ധതിയായാണ് കപ്പൽശാല ഈ യാനം വികസിപ്പിച്ചത്.
ശബ്ദരഹിതവും അതോടൊപ്പം മലിനവാതകങ്ങൾ പുറന്തള്ളാത്തതുമാണ്. കൊച്ചി ജലമെട്രോ ബോട്ടുകളുടെ അതേ പ്ലാറ്റ്ഫോമിൽ പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിച്ച ഫെറി, വാരാണസിയിൽ സർവീസ് നടത്താൻ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് (ഐഡബ്ല്യുഎഐ) കൈമാറും.