അര്‍ജുന്‍ മിഷന്‍ അനിശ്ചിതത്വത്തില്‍; ഇന്ന് ഡൈവിംഗ് നടക്കില്ല, നദിയിലെ കുത്തൊഴുക്ക് വെല്ലുവിളിയെന്ന് നാവികസേന

news image
Jul 25, 2024, 10:50 am GMT+0000 payyolionline.in

ഷിരൂര്‍: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. 10-ാം ദിവസത്തിലേക്ക് നീളുന്ന ദൗത്യത്തിത്തെ കാലാവസ്ഥ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന് ദൗത്യ സംഘം അറിയിച്ചു. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു.

അതേസമയം, ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. പുഴയിലുള്ളത് അര്‍ജുന്‍റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചു. ട്രക്കിന്‍റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും.  വൈകിട്ട് 5 മണിക്ക് ദൗത്യ സംഘം മാധ്യമങ്ങളെ കാണും.

അര്‍ജുന്‍റെ ട്രക്ക് കണ്ടെത്താന്‍ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു. സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല.

നാവികസേനയുടെ 15 മുങ്ങല്‍ വിദഗ്ധർമാരാണ് ഷിരൂരിൽ ഉള്ളത്. അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബോട്ടില്‍ തെരച്ചിലിനിറങ്ങിയിരുന്നു.  പ്രത്യേക വൈദഗ്ധ്യം കിട്ടിയ ഒരാൾ കയർ കെട്ടി, ഓക്സിജൻ സഹായത്തോടെ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, ശക്തമായ അടിയൊഴുക്ക് കാരണം പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള പരിശോധന നടത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കഴിയുന്നില്ല. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.‌

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe