എറണാകുളം: അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്.മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല.ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എംആര് മുരളി അറിയിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളി പൂവിൻ്റെ ഉപയോഗം നിവേദ്യത്തിലും പ്രസാദത്തിലും പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ക്ഷേത്രങ്ങളിൽ
പൂജയ്ക്കായി അരളി പൂവ് ഉപയോഗിക്കാം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിവേദ്യ സമർപ്പണത്തിന് തുളസി ,തെച്ചി ,റോസ എന്നീ പൂക്കൾ ഭക്തർ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് നേരിട്ട് കൈകളിൽ അരളി എത്തുന്ന സാധ്യതകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അരളിപ്പൂവ് ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർമാർക്ക് കത്ത് മുഖാന്തിരം അറിയിപ്പ് നൽകും. നിവേദ്യ സമർപ്പണ പൂജയിൽ അരളി പൂവ് ഉപയോഗിക്കുന്നില്ലാ എന്നത് അതാത് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും ഉറപ്പ് വരുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.