അമൃതപുരിയിൽ സ്നേഹത്താൽ തെളിഞ്ഞ നിറദീപമായി മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം

news image
Oct 4, 2023, 2:33 am GMT+0000 payyolionline.in

അമൃതപുരി (കൊല്ലം) ∙ കടലിനെയും കായലിനെയും ചേർത്തുപിടിച്ച ഗ്രാമത്തിൽ കാത്തിരിക്കുന്ന അമ്മയെത്തേടി, പല കരകളും കടലുകളും കടന്നു തിര പോലെയെത്തുന്ന മക്കൾ… പിറന്നാളാശംസകൾ നേരുന്ന അവരെ ‘മക്കളേ…’ എന്ന ഹൃദയാശ്ലേഷത്തോടെ വരവേൽക്കുന്ന അമ്മ… കൊല്ലത്ത് അമൃതപുരിയിൽ സ്നേഹത്താൽ തെളിഞ്ഞ നിറദീപമായി മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം.

വിവിധ രാജ്യങ്ങളുടെ പതാകയേന്തിയവർ അണിനിരന്ന പന്തലിലേക്ക് 9 മണിയോടെ മാതാ അമൃതാനന്ദമയി എത്തി സദസ്സിനെ പ്രണമിച്ചു. ആദ്യം ഹാരാർപ്പണം നടത്തിയ നടൻ മോഹൻലാലിനെ വാത്സല്യത്തോടെ ആശ്ലേഷിച്ചു.

തുടർന്ന്, മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാന്ദപുരിയുടെ നേതൃത്വത്തിൽ ഗുരുപാദപൂജ. പല രാജ്യങ്ങളിലെ പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ സദസ്സ് ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്നു മാതാ അമൃതാനന്ദമയിക്കൊപ്പം ഏറ്റുചൊല്ലി. ചെറുകഥകൾ കോർത്തിണക്കിയായിരുന്നു ജന്മദിന സന്ദേശം. സമാധാനത്തിന്റെ വെള്ളപ്പൂക്കൾ നദിയിലും പർവതത്തിലുമെന്ന പോലെ നമ്മിലേക്കും വീഴുന്നതായി സങ്കൽപിക്കൂ എന്നു പറഞ്ഞു നിശ്ശബ്ദ ധ്യാനം, പ്രാർഥന.

സാംസ്കാരിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി പിറന്നാളാശംസ അറിയിച്ചു. യുഎസിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നൽകുന്ന ‘വേൾഡ് ലീഡർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി’ പുരസ്കാരം മാതാ അമൃതാനന്ദമയിക്കു ഫോറം സിഇഒ ന്യുയൻ ആൻ ട്വാൻ സമ്മാനിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള അമൃതകീർത്തി പുരസ്കാരസമർപ്പണവും നടന്നു.

കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, സഹ മന്ത്രിമാരായ അശ്വിനി കുമാർ ചൗബേ, വി.മുരളീധരൻ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംപിമാരായ ശശി തരൂർ, എൻ.കെ.പ്രേമചന്ദ്രൻ, എ.എം.ആരിഫ്, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.

∙ ‘‘അമ്മയുടെ സാന്നിധ്യവും അനുഗ്രഹങ്ങളും വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. അത് അനുഭവിക്കാൻ മാത്രമേ കഴിയൂ. അമ്മയുടെ മാർഗനിർദേശത്തിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും മനുഷ്യ സേവനത്തിനും സാമൂഹിക ക്ഷേമത്തിനും പുതിയ ഉയരങ്ങൾ നൽകി. ഗംഗാതീരത്തു ശുചിമുറികൾ നിർമിക്കാൻ അവർ 100 കോടി രൂപ സംഭാവന നൽകി. അമ്മ ഇന്ത്യയുടെ പ്രതിച്ഛായയും വിശ്വാസ്യതയും വർധിപ്പിച്ചു. ഇന്ത്യയുടെ മനുഷ്യകേന്ദ്രീകൃതമായ വികസനസമീപനത്തിന്റെ പ്രതിഫലനമാണ് മാതാ അമൃതാനന്ദമയി.’’ – പ്രധാനമന്ത്രി നരേന്ദ്ര മോദി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe