അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. പരമ്പര 269 ല്‍ അരവിന്ദ് അപ്പുക്കുട്ടന്റെ പേരിലെടുത്ത 20 അംഗ സംഘത്തിനാണ് സമ്മാനം ലഭിച്ചത്.
ഷാര്‍ജയില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരുന്ന അരവിന്ദ് കഴിഞ്ഞ രണ്ട് വര്‍ഷവും ടിക്കറ്റ് വാങ്ങിയിരുന്നു. നവംബര്‍ 22 ന് വാങ്ങിയ 447363 എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഇത് അപ്രതീക്ഷിതമാണെന്നും പണം എങ്ങനെ ചെലവഴിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്ത് വിളിച്ചപ്പോഴാണ് സമ്മാനം ലഭിച്ചെന്ന് അറിഞ്ഞതെന്നും വിശ്വസിക്കാനായില്ലെന്നും അരവിന്ദ് പറഞ്ഞു.
2024 ലെ അവസാന ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ആണിത്. വിജയിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം നടന്ന നറുക്കെടുപ്പില്‍ മലയാളിയായ അബ്ദുല്‍ നാസര്‍ ഒരു ലക്ഷം ദിര്‍ഹവും കെട്ടിട നിര്‍മാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിര്‍ഹവും സമ്മാനം നേടി. ഇദ്ദേഹം തന്റെ 17 കൂട്ടുകാരുമായിചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. കൂടാതെ മലയാളിയായ ആകാശ് രാജ് 70,000 ദിര്‍ഹവും സമ്മാനം നേടിയിട്ടുണ്ട്.