

ഇസ്രോ കൈമാറിയ ദൃശ്യങ്ങളിൽ നിന്ന് സൂചനകളില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. ദുരന്തം നടന്നതിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങൾ ജില്ലാ ഭരണകൂടത്തിന് കിട്ടി. ദുരന്തം നടന്ന ദിവസം പുലർച്ചെ ആറ് മണിക്ക് ഉള്ള സാറ്റലൈറ്റ് ചിത്രമാണ് ഇസ്രോ കൈമാറിയത്. 16-ന് പുലർച്ചെയുള്ള ചിത്രങ്ങൾ ആകെ കാർമേഘം മൂടിയ നിലയിൽ ആണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ ദൃശ്യം ഒന്നും കൃത്യമായി ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ആ ദൃശ്യത്തിൽ നിന്ന് അർജുന്റെ വാഹനമടക്കം കണ്ട് പിടിക്കാൻ വഴിയില്ല. ദുരന്തശേഷം ശേഖരിച്ച സാറ്റലൈറ്റ് ദൃശ്യം ലോറി വീണ്ടെടുക്കാൻ ഉപകരിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട പ്രകാരം മേഘങ്ങളില്ലാത്ത സമയത്ത് നദിയുടെ ചിത്രങ്ങൾ ആര്‍സിഎസ് പകർത്തിയിട്ടുണ്ട്.ഇത് ഉപയോഗിച്ച് എത്രത്തോളം മണ്ണ്, എത്ര വ്യാപ്തിയിൽ വീണിട്ടുണ്ട് എന്നതിൽ പ്രാഥമിക വിലയിരുത്തൽ നടത്തിയിട്ടുണ്ട്. ആ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാകും പുഴയിലെ തെരച്ചിൽ നടക്കുക. നദിക്കരയോട് ചേർന്ന് മണ്ണ് വീണ സ്ഥലത്ത് സിഗ്നൽ കിട്ടിയ ഇടത്തായിരിക്കും ആദ്യം തെരയുക.ഇപ്പോഴുള്ള കരയുടെ 40 മീറ്റർ അകലെയാണ് ഈ സ്ഥലമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിടിച്ചിലില്‍ മറുകരയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.