കോഴിക്കോട്: ജില്ലയില്‍ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ലഹരി വില്‍പ്പനക്കാരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി വാര്യംകണ്ടിപറമ്പ് വീട്ടില്‍ രാഹുല്‍ (34) ന്റെ പേരിലുള്ള വാഹനമാണ് കണ്ടുകെട്ടിയത്. ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരമാണ് സ്വത്തുവകകള്‍ കണ്ടുകെട്ടിയത്.
കഴിഞ്ഞമാസം പത്തിന് വില്‍പ്പനയ്ക്കായി വെച്ച ലഹരി വസ്തുക്കളുമായി രാഹുല്‍ എലത്തൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. എലത്തൂരിലുള്ള സീന പ്ലാസ്റ്റിക്കിനു സമീപം കടുക്കന്മാക്കല് എന്ന വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ എലത്തൂര്‍ പോലീസും സിറ്റി ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ കണ്ടെടുത്തിരുന്നു. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 79.74 ഗ്രാം എം.ഡി.എം.എയുമായി രാഹുല്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടുകയും ചെയ്തിരുന്നു.
ഈ സംഭവത്തിലാണ് പ്രതിയുടെ പേരിലുള്ള KL -11 – BV 7037 നമ്പര്‍ സ്കൂട്ടര്‍ എലത്തൂര്‍ പോലീസ് കണ്ടു കെട്ടിയത്. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ സ്വീകരിച്ചത്. ലഹരി വില്പനയില് നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഇതെല്ലാം നേടിയത് എന്നുള്ള സ്ഥിരീകരണത്തിനായി എലത്തൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്.കെ.ആര് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് പ്രതിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ എടുക്കുന്നതിനായി ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് ബന്ധപ്പെട്ട രേഖകള്‍ അയക്കുകയായിരുന്നു.
ബംഗളൂരുവില്‍ നിന്നും മൊത്തമായി വാങ്ങി കേരളത്തിലേയ്ക്ക് വില്പനക്കായി കൊണ്ടു വന്ന 79.74 ഗ്രാം എം.ഡി.എം.എയുമായാണ് പ്രതിയടക്കം മൂന്ന് പേര് പിടിയിലായത്. നഗരത്തിലെ പല ഭാഗങ്ങളിലുമുള്ള ലോഡ്ജുകളിലും, ഹോംസ്റ്റേകളിലും റൂം എടുത്ത് നിന്ന് വാട്സ് ആപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് റൂം എടുത്ത ഭാഗങ്ങളിലേക്ക് അവരെ വിളിച്ചു വരുത്തി ലഹരി മരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.
യുവാക്കള്‍ക്കിടയിലും അന്തര്‍സംസ്ഥാന തൊഴിലാളികളക്കിടയിലും മയക്കുമരുന്ന് മൊത്തമായും ചില്ലറയായും വില്പന നടത്തി വലിയതോതില്‍ സാമ്പത്തിക ലാഭം നേടുകയായിരുന്നു. പ്രതികള്‍ പലതവണ കോഴിക്കോട്ടേക്ക് എം.ഡി.എം.എ കടത്തിയതായി പൊലീസ് അന്വേഷണത്തില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. പ്രതി ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനാണ് മയക്കുമരുന്ന് വില്പനയിലേക്ക് മാറിയത്. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാടജീവിതം നയിച്ചു വരികയായിരുന്നു. മയക്കു ഗുളികകളുമായി പിടികൂടിയതിന് രാഹുലിനെതിരെ ഒറ്റപ്പാലം സ്റ്റേഷനില്‍ കേസ്സ് നിലവിലുണ്ട്.
നിലവില്‍ പ്രതി കോഴിക്കോട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലില്‍ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിക്കുന്ന വാഹനം കൂടാതെ ഇവര്‍ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവന്‍ സ്വത്തു വകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും പോലീസ് സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാല്‍ ലഹരിക്കടുത്ത് സംഘങ്ങളുടെയും, അവരുടെ ബന്ധുക്കളുടെയും, അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കള്‍ കണ്ടു കെട്ടാനും നിയമമുണ്ട്.