ഇനി ഫെനി രുചിക്കാൻ ഗോവയ്ക്ക് പോകേണ്ടതില്ല. കണ്ണൂരിൽ തന്നെ കശുമാങ്ങയിൽ നിന്ന് ഫെനി നിര്‍മ്മിക്കാൻ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്.
തണുത്ത കടല്‍ക്കാറ്റേറ്റ് ഒരു ഫെനിയൊക്കെ കഴിച്ച് ഒന്നു റിലാക്സ് ചെയ്യാനാണ് മിക്കവരും ഗോവയ്ക്ക് പോകുന്നത്. ഗോവയിൽ മാത്രം ഉത്പാദിപ്പിക്കുന്ന, അവിടുത്തെ തനത് ചേരുവകളിൽ നിന്ന് നിർമിക്കുന്ന മദ്യമാണ് ഫെനി. ഇനി മുതല്‍ ഫെനി കഴിക്കാന്‍ ആഗ്രഹം തോന്നിയാല്‍ ഗോവയ്ക്ക് പോകേണ്ട കാര്യമില്ല.
ഗോവയുടെ തനത് ഫെനിക്ക് സമാനമായി, കശുമാങ്ങയിൽ നിന്ന് വാറ്റിയെടുത്ത “കണ്ണൂർ ഫെനി” അടുത്ത കശുമാങ്ങ സീസണിൽ വിപണിയിലെത്തിക്കാനാണ് പ്ലാൻ. ഡിസംബർ മുതൽ മെയ് വരെയാണ് കശുമാങ്ങ സീസൺ, ഈ സമയത്തായിരിക്കും കണ്ണൂരിന്‍റെ ഈ സ്വന്തം ഫെനി നിർമാണം ആരംഭിക്കുക.
ഒരു പതിറ്റാണ്ടിന്‍റെ സ്വപ്നം, യാഥാർഥ്യത്തിലേക്ക്
കണ്ണൂരിലെ പയ്യാവൂരും സമീപപ്രദേശങ്ങളിലും സമൃദ്ധമായ കശുമാവ് കൃഷിയുണ്ട്. ഈ വിളകൾക്ക് ഒരു മികച്ച മൂല്യവർദ്ധിത ഉൽപ്പന്നം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, 2016 ലാണ് സഹകരണ സംഘം സംസ്ഥാന സർക്കാരിനെ ഈ ആശയവുമായി സമീപിക്കുന്നത്. തുടർന്ന് 2022 ൽ സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും, ചില നിയമപരമായ തടസ്സങ്ങൾ കാരണം പദ്ധതി നടപ്പാക്കുന്നത് വൈകി. ഇപ്പോൾ, നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോർട്ടിന് അംഗീകാരം ലഭിക്കുകയും ധനകാര്യ വകുപ്പ് നികുതി നിരക്കുകൾ നിശ്ചയിക്കുകയും ചെയ്തതോടെ, ഈ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു.
കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ സ്ഥലമാണ് ഡിസ്റ്റിലറിക്കായി സഹകരണ സംഘം കണ്ടെത്തിയിട്ടുള്ളത്. പ്രാദേശിക കർഷകരെ ഈ ഉദ്യമത്തിൽ പങ്കാളികളാക്കുന്നത് ഉൽപ്പന്നത്തിന്‍റെ ഗുണമേന്മ ഉറപ്പാക്കാൻ സഹായിക്കുമെന്ന് കരുതുന്നു. ഇത് കർഷകർക്ക് പുതിയ വരുമാനമാർഗം തുറന്നു കൊടുക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് നൽകുകയും ചെയ്യും.
എത്ര രൂപയ്ക്ക് കിട്ടും?
ഒരു ലിറ്റർ ഫെനി ഉൽപ്പാദിപ്പിക്കാൻ ഏകദേശം 200-250 രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. ഇതിനു 100 ശതമാനം എക്‌സൈസ് നികുതി ഈടാക്കുകയാണെങ്കിൽ പോലും, 500-600 രൂപയ്ക്കിടയിൽ ഉപഭോക്താക്കളിലേക്ക് ഈ ഉൽപ്പന്നം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പേരിനെച്ചൊല്ലി സംശയം
ഗോവയുടെ ഫെനി പോലെ, കണ്ണൂരിന്‍റെ ഈ പുതിയ കശുമാങ്ങ മദ്യവും പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക് വലിയൊരു മുതൽക്കൂട്ടാകും. ഈ ഉൽപ്പന്നത്തിന്, ‘കണ്ണൂർ ഫെനി’ എന്ന പേര് നൽകാനായാൽ വലിയ പ്രചാരം ലഭിക്കുമെന്ന് സഹകരണ സംഘം കരുതുന്നു.
എന്നാൽ, ഇവിടെ ഒരു ചെറിയ കടമ്പയുണ്ട്. ഗോവൻ ഫെനിക്ക് ‘ഫെനി’ എന്ന പേരിൽ പേറ്റന്റ് ഉള്ളതിനാൽ, ഈ പേര് ഉപയോഗിക്കുന്നതിനെക്കുറിച്ച് നിലവിൽ ചെറിയ ആശങ്കയുണ്ട്. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയൂ.
ഗോവൻ ഫെനി: ഗോവയുടെ ആത്മാവ്!
ഗോവയുടെ ആഘോഷങ്ങളിലും വിരുന്നുകളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ഫെനി. ഇതൊരു പാനീയം മാത്രമല്ല, ഗോവയുടെ സാംസ്കാരിക പൈതൃകത്തിന്‍റെയും തനതായ രുചിയുടെയും ആത്മാവ് കൂടിയാണ്. പ്രധാനമായും രണ്ട് തരം ഫെനികളാണ് ഗോവയിലുള്ളത്:
കാഷ്യൂ ഫെനി (കശുമാങ്ങ ഫെനി): പഴുത്ത കശുമാങ്ങകൾ കൈകൊണ്ടും കാലുകൊണ്ടും ഞെക്കിപ്പിഴിഞ്ഞ് നീരെടുത്ത്, അത് പുളിപ്പിച്ച്, പരമ്പരാഗത രീതിയിൽ വാറ്റിയെടുത്താണ് ഇത് നിർമ്മിക്കുന്നത്. 2009 ൽ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (GI) പദവി നേടിയതോടെ, കാഷ്യൂ ഫെനി ഗോവയിൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക ഉൽപ്പന്നമായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടു.
തെങ്ങിൻ ഫെനി (കോക്കനട്ട് ഫെനി / മാഡൽ): തെങ്ങിൻ പൂങ്കുലയിൽ നിന്ന് ശേഖരിക്കുന്ന കള്ള് പുളിപ്പിച്ച് വാറ്റിയെടുത്താണ് ഈ ഫെനി ഉണ്ടാക്കുന്നത്. ഇത് കൂടുതലും തെക്കൻ ഗോവയിലാണ് കണ്ടുവരുന്നത്.
ഈ രണ്ട് ഫെനികളും പൂർണമായും പ്രകൃതിദത്തമായ ചേരുവകളിൽ നിന്ന് മാത്രം ഉണ്ടാക്കുന്നവയാണ്. യാതൊരുവിധ കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ഇതിൽ ചേർക്കാറില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.