99 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു ; അടുത്തത് നിങ്ങളുടേതാകാം!, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

news image
Mar 22, 2025, 7:33 am GMT+0000 payyolionline.in

ഏകദേശം 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ജനുവരി ഒന്നിനും ജനുവരി 30നും ഇടയില്‍ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കാണിത്. വാട്‌സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനും പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും വാട്‌സ്ആപ്പ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്‌സ്ആപ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത് എന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ അക്കൗണ്ടുകള്‍ നിരോധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കി.

 

പുതിയ ഐടി നിയമം അനുസരിച്ചാണ് മാസംതോറും സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് വാട്‌സ്ആപ്പ് പുറത്തുവിടുന്നത്. ഉപയോക്താവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പുതന്നെ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 1,327,000 അക്കൗണ്ടുകളാണ് മുന്‍കൂട്ടി നിരോധിച്ചത്. തട്ടിപ്പുകളെയോ ദുരുപയോഗത്തെയോ സൂചിപ്പിക്കുന്ന പെരുമാറ്റ രീതികളെ എളുപ്പം കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

ജനുവരിയില്‍ ഉപയോക്താക്കളില്‍ നിന്ന് 9,474 പരാതികളാണ് ലഭിച്ചത്. അതില്‍ 239 പരാതികളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകള്‍ നിരോധിക്കുകയും മറ്റ് പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനും നിരോധിക്കുന്നതിനും ബഹുതല സമീപനം പ്ലാറ്റ്‌ഫോമിന് ഉണ്ടെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനോ, തട്ടിപ്പ് സന്ദേശങ്ങള്‍ അയയ്ക്കാനോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അക്കൗണ്ട് നിരോധനം പ്രതീക്ഷിക്കാമെന്ന് വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കി. നിരോധിക്കപ്പെടാതിരിക്കാന്‍ വാട്‌സ്ആപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ദുരുപയോഗപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe