കൊച്ചി: വലിയൊരു കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ബുധനാഴ്ച വൈകുന്നരം പവന് 87,440 രൂപയുണ്ടായിരുന്ന സ്വർണം ഇന്ന് 400 രൂപ കുറഞ്ഞ് 87,040 രൂപയിലെത്തി.
ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,880 രൂപയിലെത്തി. ചൊവ്വാഴ്ച പവന് 86120 രൂപയുണ്ടായിരുന്ന സ്വർണം ബുനധാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും കുതിക്കുയായിരുന്നു.
ഇന്ന് 88,000 രൂപ തൊടുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും വില താഴോട്ടുപോകുന്നതാണ് ഇന്ന് രാവിലെ കണ്ടത്. ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ കുറവ് പ്രകടമായിരുന്നു. 3865.08 ന് ക്ലോസ് ചെയ്ത നിരക്ക് 3863.33 ലാണ് ഇന്ന് ഓപൺ ചെയ്തത്.
അതേസമയം, യു.എസിലെ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകി ധനബിൽ കഴിഞ്ഞ ദിവസവും പാസാക്കാനായില്ല. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ യു.എസ് ഭരണകൂടം ഷട്ട്ഡൗണിലേക്ക് നീങ്ങും. ഇതേതുടർന്ന് അവശ്യസേവനങ്ങളൊഴികെ മറ്റ് സർക്കാർ സേവനങ്ങളുടെയെല്ലാം പ്രവർത്തനം നിലക്കുന്ന സാഹചര്യമുണ്ടാവും. ധനബിൽ സെനറ്റിൽ പാസാക്കാൻ കഴിഞ്ഞ ദിവസവും ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാൽ നീക്കം പരാജയപ്പെടുകയായിരുന്നു.
ധനബിൽ പാസാകണമെങ്കിൽ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ വേണം. എന്നാൽ, രണ്ട് അംഗങ്ങൾ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. സർക്കാർ ഷട്ട്ഡൗണിലേക്ക് പോയേക്കാമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ബൈഡൻ ഭരണകാലത്ത് ഉണ്ടായിരുന്ന ആരോഗ്യ ഇൻഷൂറൻസ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനബില്ലിനെ ഡെമോക്രാറ്റുകൾ എതിർക്കുന്നത്.