57,000 കോടിയുടെ വരുമാനക്കുറവ് വരുത്തിയെന്ന്‌ കേരളം; 63,430 കോടി നൽകിയെന്ന് കേന്ദ്ര മറുപടി

news image
Feb 5, 2024, 12:27 pm GMT+0000 payyolionline.in

ന്യൂഡൽഹി ∙ കേരളത്തോടു ശത്രുതാ സമീപനമാണു കേന്ദ്രസർക്കാരിനെന്നു ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. കേന്ദ്ര സർക്കാർ കേരളത്തിന് 57,000 കോടി രൂപയുടെ വരുമാനക്കുറവ് വരുത്തിയോ എന്നു കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരിയാണു ലോക്സഭയിൽ കണക്കുകൾ നൽകിയത്.‌

ധനകാര്യ കമ്മിഷന്റെ നിർദേശപ്രകാരം കേരളത്തിനു 2020 മുതൽ 2024 ജനുവരി വരെ നികുതിവിഹിതമായി നൽകിയ തുകയുടെ കണക്കാണു പുറത്തുവിട്ടത്. 2020-21 സാമ്പത്തിക വർഷം 11560.40 കോടി, 2021-22ൽ 17820.09 കോടി, 2022-23ൽ 18260.68 കോടി, 2023-24 (2024 ജനുവരി വരെ) 15789.76 കോടി എന്നിങ്ങനെയാണ് കണക്ക്. ഇതുപ്രകാരം 2020 മുതൽ കഴിഞ്ഞ ജനുവരി നൽകിയത് 63430.93 കോടിയാണെന്നു കേന്ദ്രം വ്യക്തമാക്കുന്നു.

ജിഎസ്ടി നഷ്ടപരിഹാരമായി 28,054 കോടി രൂപ കേരളത്തിനു നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ള 737.88 കോടി നൽകാനുള്ള നടപടി സ്വീകരിച്ചതായും സർക്കാർ വ്യക്തമാക്കി. കേന്ദ്രത്തില്‍നിന്നു ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, പൊതു–സ്വ‌കാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ബാലഗോപാൽ പറഞ്ഞു. ഇതിനായി ‘ഔട്ട് ഓഫ് ദ് ബോക്സ്’ ആശയങ്ങള്‍ നടപ്പാക്കുമെന്നും കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ബജറ്റവതരണത്തിൽ ധനമന്ത്രി കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe