ഊരാളുങ്കലിന് കരാർ ലഭിച്ച തലപ്പാടി – ചെങ്കള റീച്ച് ദേശീയപാത അതോറിറ്റി ഏറ്റെടുത്തു – സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയായ ആദ്യ റീച്ച്

news image
Oct 9, 2025, 6:23 am GMT+0000 payyolionline.in

കാസർകോട് ∙ കേരളത്തിന്റെ വടക്കേയറ്റത്ത് 39 കിലോമീറ്റർ പാതയിലൂടെ ഇനി വാഹനങ്ങൾക്ക് ചീറിപ്പായാം. സംസ്ഥാനത്ത് ദേശീയ പാത നിർമാണം പൂർത്തിയാക്കിയ ആദ്യ റീച്ചായ തലപ്പാടി–ചെങ്കള റൂട്ടിലാണ് പുത്തൻ വഴി തുറന്നത്. ദേശീയ പാതാ അതോറിറ്റിയുടെ പ്രൊവിഷനൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ റീച്ചാണ് തലപ്പാടി–ചെങ്കള. ദേശീയ പാത അതോറിറ്റി അധികൃതർ പരിശോധന നടത്തിയ ശേഷമാണ് പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയത്. ഇതോടെ പാത, ദേശീയ പാത അതോറിറ്റിക്ക് കൈമാറി. പെയിന്റിങ്, സർവീസ് റോഡിലെ നടപ്പാതകൾ തുടങ്ങിയ ചുരുക്കം ജോലികൾ മാത്രമാണ് ബാക്കിയുള്ളത്.

ശേഷിച്ച ജോലികൾ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2021 നവംബർ 18നാണ് നിർമാണം തുടങ്ങിയത്. മൂന്നു വർഷം കൊണ്ട് 2025 മാർച്ചിലായിരുന്നു നിർമാണം പൂർത്തിയാക്കേണ്ടിയിരുന്നത്. കനത്ത മഴ കാരണം പെയിന്റിങ് ഉൾപ്പെടെയുള്ള ഏതാനും അവസാനഘട്ട പണികൾ മാത്രം പൂർത്തിയാക്കാൻ സാധിക്കാതെ വന്നു. മഴ മാറിയതോടെ പെയിന്റിങ് ഉൾപ്പെടെയുള്ള നിർമാണങ്ങളും പൂർത്തിയാക്കി.മറ്റു സ്ഥലങ്ങളിൽ നിർമാണം ഇഴയുന്നതിനിടെയാണ് തലപ്പാടി – ചെങ്കള റീച്ചിൽ നിർമാണം പൂർത്തിയാക്കിയത്.
ദേശീയപാത 66 ലെ 17 റീച്ചുകളിൽ ആദ്യ പ്രവർത്തനാനുമതിയാണ് തലപ്പാടി-ചെങ്കള റീച്ചിനു ലഭിച്ചത്. ദേശീയപാതയുടെ എല്ലാ പ്രവൃത്തികളും പരിശോധനകളും പൂർത്തിയായെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ദേശീയപാത അതോറിറ്റിയാണ് (എൻഎച്ച്എഐ) നൽകിയത്. 2430.13 കോടി രൂപയാണ് പദ്ധതിച്ചെലവ്. 15 വർഷത്തേക്ക് കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി, ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് നിർവഹിക്കും. അതേ സമയം, ജില്ലയിൽ മേഘ കൺസ്ട്രക്ഷൻ നിർമിക്കുന്ന രണ്ട്, മൂന്ന് റീച്ചുകളിൽ പ്രവൃത്തി ഇഴയുകയാണ്.

ഒറ്റത്തൂണിലെ പാത
കാസർകോട് നഗരത്തിലെ മേൽപ്പാലം ഉയർന്നത് ഒറ്റത്തൂണിലാണ്. ഒറ്റത്തൂണിൽ തീർത്ത രാജ്യത്തെ ഏറ്റവും ഉയരവും വീതിയുമുള്ള മേൽപ്പാലമാണിത്. കാസർകോട്ടെ പാലത്തിന് 27 മീറ്റർ വീതിയുണ്ട്. കോയമ്പത്തൂർ അവിനാശിയിലും ആന്ധ്രാപ്രദേശിലെ വിജയവാഡയിലുംം ഒറ്റത്തൂൺ പാലമുണ്ട്. ഇവിടെ 24 മീറ്ററാണ് വീതി. കറന്തക്കാട് അഗ്നിരക്ഷാ സേനയുടെ ഓഫിസിനു സമീപത്തു നിന്നു തുടങ്ങുന്ന പാലം പുതിയ ബസ് സ്റ്റാൻഡും കഴിഞ്ഞ് നുള്ളിപ്പാടി വരെ 1.16 കിലോ മീറ്റർ നീളമാണുള്ളത്. 30 തൂണുകളുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഏപ്രിൽ മുതൽ സഞ്ചാരത്തിനു തുറന്നു കൊടുത്തിരുന്നു. ആദ്യ റീച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകാതെ നടത്തുമെന്നാണ് കരുതുന്നത്.

തലപ്പാടി-ചെങ്കള റീച്ച്
∙ ആകെ 39 കിലോമീറ്റർ
∙ നാല് പ്രധാന പാലങ്ങൾ; ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ എന്നിവിടങ്ങളിൽ
∙ 4 ചെറിയ പാലങ്ങൾ; മഞ്ചേശ്വരം, പൊസോട്ട്, മംഗൽപാടി, എരിയാൽ എന്നിവിടങ്ങളിൽ
∙ 2 ഫ്ലൈ ഓവറുകൾ; 1.160 കിലോമീറ്റർ നീളത്തിൽ കാസർകോട് നഗരത്തിലെ ഒറ്റത്തൂൺ മേൽപ്പാലം, 210 മീറ്റർ നീളത്തിൽ ഉപ്പളയിൽ മേൽപ്പാലം.
∙ 6 അടിപ്പാതകൾ, 4 ലൈറ്റ് വെഹിക്കിൾ അടിപ്പാതകൾ, 11 കാറ്റിൽ അണ്ടർപാസ്.
∙ 10 ഫൂട് ഓവർ ബ്രിഡ്ജ്
∙ 81 ക്രോസ് ഡ്രൈനേജ് ബോക്സ് കൽവെർട്ടുകൾ

ഊരാളുങ്കലിനു നേട്ടം
ആറു വരി ദേശീയ പാതയുടെ നിർമാണം നടത്തുന്നതിന് ആദ്യമായാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) കരാർ ഏറ്റെടുക്കുന്നത്. സൊസൈറ്റിയുടെ ശതാബ്ദി ആഘോഷിക്കുന്ന അവസരത്തിൽ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനായെന്നു മാത്രമല്ല, കേന്ദ്രത്തിന്റെ അവാർഡും ലഭിച്ചു. 2024ലെ നാഷനൽ ഹൈവേ എക്സലൻസ് അവാർഡ് ഊരാളുങ്കലിനാണ് ലഭിച്ചത്. ഈ വർഷമാണ് അവാർഡ് വിതരണം ചെയ്തത്.

സൊസൈറ്റിക്ക് നൂറു വർഷത്തെ പാരമ്പര്യമുണ്ടെങ്കിലും ആദ്യമായാണ് ആറു വരി ദേശീയ പാതാ നിർമാണം ഏറ്റെടുത്തതെന്ന് യുഎൽസിസി വക്താവ് മനോജ് പുതിയവിള പറഞ്ഞു. പ്രതിസന്ധികൾ ഏറെയുണ്ടായെങ്കിലും അതിനെയെല്ലാം തരണം ചെയ്യാനായി. എല്ലാ ആഴ്ചയും ഡയറക്ടർ ബോർഡ് അംഗങ്ങൾ നേരിട്ട് നിർമാണ പുരോഗതി വിലയിരുത്തുന്നുണ്ടായിരുന്നു. ജോലിക്കാരിൽ ഭൂരിഭാഗവും സ്ഥിര ജീവനക്കാരായതിനാൽ തൊഴിലാളി ക്ഷാമം നേരിട്ടില്ല. ക്വാറികൾ ഉൾപ്പെടെ സ്വന്തമായി ഉള്ളതിനാൽ നിർമാണ സാമഗ്രികളും എളുപ്പത്തിൽ കണ്ടെത്താനായി. ആദ്യ നിർമാണത്തിൽ തന്നെ എക്സലൻസ് അവാർഡും നേടാനായത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe