കോഴിക്കോട്: അത്യാഹിതവിഭാഗത്തിൽ പുക ഉയർന്നതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാത്രി 7.45-ഓടെയാണ് മെഡിക്കൽ കോളേജിൽ പുക ഉയർന്നത്. തുടർന്ന് രോഗികളെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ബീച്ച് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പലരെയും മാറ്റുകയും ചെയ്തു. ഇതിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സാ ചിലവ് ഭാരിച്ചതാണെന്നും സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
മൈത്ര ആശുപത്രിയിൽ 10 പേരും ബേബി മെമ്മോറിയാൽ ആശുപത്രിയിൽ 9 പേരും ആസ്റ്ററിൽ 2 പേരും ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.
മെഡിക്കൽ കോളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളെ വെന്റിലേറ്ററിലേക്ക് മാറ്റണമെങ്കിൽ പണം അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ദിവസം 30000 രൂപയെങ്കിലും ആകുമെന്നും അത് അടയ്ക്കാൻ തയാറല്ലെങ്കിൽ ബീച്ച് ആശുപത്രിയിലേക്ക് പോകണമെന്നും പറഞ്ഞതായാണ് പരാതി. അതേസമയം, ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോപണം തെറ്റാണെന്നും ആശുപത്രി അധികൃതരും പ്രതികരിച്ചു.
അപാകത ആരോപിച്ച് ബന്ധുക്കൾ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പരിപാലനത്തിനും നിർമാണത്തിലും അപാകതയെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കളും ബന്ധുക്കളും രംഗത്തെത്തി. നാല് നിലകളിലായി പുക ഉയർന്നതോടെ രോഗികളെ പെട്ടെന്ന് മാറ്റുന്നതിന് ശ്രമിച്ചെങ്കിലും കൂട്ടിയിട്ട വേസ്റ്റും പഴയ ഫർണിച്ചർ അടക്കം വഴിയിൽ കൂട്ടിയിട്ടതും തടസ്സമായെന്നാണ് ആരോപണം. ഐസിയുവിലെ രോഗികളെ പുറത്തിറക്കാൻ എമർജൻസി ഡോറ് ഉണ്ടായിരുന്നില്ല. ചങ്ങലകൊണ്ട് പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ
ചവിട്ടിപ്പൊളിച്ചാണ് രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റിയത്. വെന്റിലേറ്ററിൽ കഴിയുകയായിരുന്ന ആളെ വെന്റിലേറ്റർ മാറ്റി പുറത്തേക്ക് എടുക്കുമ്പോൾ മരണം സംഭവിച്ചെന്നും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത ബന്ധുക്കൾ പറയുന്നു.
ആശുപത്രി കോമ്പൗട്ട് പൂർണാമായി മതിലുകെട്ടി അടച്ചതിനാൽ മതിലു പൊളിച്ചാണ് ആംബുലൻസ് ഉൾപ്പടെ പുറത്തേക്ക് എത്തിച്ചതെന്നും എമർജൻസി എക്സിറ്റ് ഗേറ്റ് പോലും ഇല്ലെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ ആരോപിച്ചു. ആശുപത്രിയും കോളേജുകളും ഉൾപ്പടെയുള്ള സമുച്ചയത്തിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. നേരത്തെ തന്നെ ഈ പ്രോജക്ട് പരിഗണനയിൽ ഉണ്ടായിരുന്നുവെങ്കിലും മെഡിക്കൽ കോളേജ് സ്ഥലം കൊടുത്തില്ല. ഇരുപത് സെന്റ് സ്ഥലം കൊടുത്തിരുന്നെങ്കിൽ ഫയർ സ്റ്റേഷൻ ഉണ്ടാവുമായിരുന്നു എന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇല്ലെന്നും എംഎൽഎ പറഞ്ഞു. പുതിയ കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിൽ അപാകത ഉണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
പുക ഉയർന്നതിനിടെയുണ്ടായ അഞ്ച് മരണങ്ങളിലും ദുരൂഹതയേറുകയാണ്. പുക ശ്വസിച്ചല്ല രോഗികൾ മരിച്ചതെന്ന് ആശുപത്രി അധികൃതർ ആരോപിക്കുമ്പോളും പുക ഉയർന്നതോടെ രോഗികളെ മാറ്റുന്നതിനിടയിലാണ് മരണം ഉണ്ടായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളെ മാറ്റുന്ന സമയത്ത് ചികിത്സ തടസ്സപ്പെട്ടതാണ് മരണ കാരണമെന്നും ബന്ധുക്കൾ പറയുന്നു.