തിരുവനന്തപുരം: 5,000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസർ വിജിലൻസ് പിടിയിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ പി.കെ അനിൽ ആണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസിന്റെ പിടിയിലായത്.
കണ്ണൂർ ജില്ലയിലെ പെരുവളത്ത്പറമ്പ് സ്വദേശിയായ പരാതിക്കാരന് വീട്ടിൽ സ്വന്തമായി കാറുള്ളതിന്റെ പേരിൽ നിലവിലെ ബി.പി.എൽ കാർഡ് എത്രയും വേഗം എ.പി.എൽ കാർഡ് ആക്കണമെന്നും ഇതുവരെ ബി.പി.എൽ കാർഡ് ഉപയോഗിച്ചതിന് ഫൈനായി മൂന്ന് ലക്ഷം രൂപ സർക്കാരിലേക്ക് അടക്കണമെന്നും, 25,000 രൂപ കൈക്കൂലി തന്നാൽ ഫൈൻ ഒഴിവാക്കി തരാമെന്ന് താലൂക്ക് സപ്ലൈ ഓഫീസറായ അനിൽ കഴിഞ്ഞ മാസം 20ന് പരാതിക്കാരനെ അറിയിച്ചു.
തുടർന്ന് കഴിഞ്ഞ മാസം 25ന് താലൂക്ക് സപ്ലൈ ഓഫീസർ 10,000 രൂപ അദ്യ ഗഡുവായി കൈപ്പറ്റി. അയതിന്റെ അടിസ്ഥാനത്തിൽ ഫൈൻ ഒഴിവാക്കി എ.പി.എൽ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ പുതുതായി അനുവദിക്കുകയും കഴിഞ്ഞ ദിവസം പരാതിക്കാരന് ലഭിക്കുകയും ചെയ്തു.
പുതിയ കാർഡ് കിട്ടിയ വിവരം പരാതിക്കാരൻ സപ്ലൈ ഓഫീസറെ വിളിച്ചറിയിച്ചപ്പോൾ 5,000 രൂപ കൂടിയെങ്കിലും കൈക്കൂലി നൽകണമെന്നും അത് ഇന്ന് ഉച്ചക്ക് ശേഷം ഓഫീസിൽ എത്തിക്കണെന്നും അറിയിച്ചു. പരാതിക്കാരൻ ഈവിവരം കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകീട്ട് 4:45 ന് പരാതിക്കാരനിൽ നിന്നും താലൂക്ക് സപ്ലൈ ഓഫീസിൽ വെച്ച് 5,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടിക്കുകയാണുണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.