500 രൂപ നിരക്കിൽ പാചകവാതകം, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ; തിരഞ്ഞെടുപ്പു പ്രഖ്യാപനവുമായി ഖർഗെ

news image
Aug 22, 2023, 3:30 pm GMT+0000 payyolionline.in

ഭോപ്പാൽ: മധ്യപ്രദേശിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശിലെ സാഗറിൽ, ഒരു റാലിയിൽ സംസാരിക്കവെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാവർക്കും 500 രൂപ നിരക്കിൽ പാചകവാതകം, സ്ത്രീകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 1500 രൂപ തുടങ്ങിയ പ്രഖ്യാപനങ്ങളും ഖർഗെ നടത്തി. കർണാടകയിൽ അധികാരം തിരിച്ചുപിടിക്കാൻ സഹായിച്ച ജനകീയ പ്രഖ്യാപനങ്ങളുടെ ചുവടു പിടിച്ചാണ് മധ്യപ്രദേശിലും കോൺഗ്രസിന്റെ നീക്കം.‘

‘കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകർക്ക് കടാശ്വാസം നൽകുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. എല്ലാവർക്കും പാചകവാതകം 500 രൂപയ്ക്ക് ലഭ്യമാക്കും. എല്ലാ സ്ത്രീകൾക്കും അവരുടെ അക്കൗണ്ടിൽ പ്രതിമാസം 1500 രൂപ വീതം നൽകും. സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരും. 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കും. സംസ്ഥാനത്ത് ജാതി സെൻസസ് നടത്തും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തക‍ സമിതിയിൽ പിന്നാക്ക വിഭാഗക്കാരായ ആറുപേരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചില ആളുകൾ ഭരണഘടന തന്നെ മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ്. പക്ഷേ, അത് നടക്കില്ല. രാജ്യത്തെ 140 കോടി ജനങ്ങളും ഭരണഘടനയെ സംരക്ഷിക്കണമെന്ന നിലപാടുള്ളവരാണ്’’ – ഖർഗെ പറഞ്ഞു.
14-ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിനെ, തിരഞ്ഞെടുപ്പു കാലത്തു മാത്രമാണ് ബിജെപി ഓർമിക്കുന്നതെന്നു ഖർഗെ വിമർശിച്ചു. കഴിഞ്ഞ ഒൻപതു വർഷമായി മോദി പ്രധാനമന്ത്രിയാണ്. 18 വർഷമായി ശിവ്‌രാജ് സിങ് ചൗഹാനും മധ്യപ്രദേശ് ഭരിക്കുന്നു. പക്ഷേ, ഇരുവർക്കും രവിദാസിനെ ഓർമിക്കണമെങ്കിൽ തിരഞ്ഞെടുപ്പു വരണമെന്ന് ഖർഗെ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe