‘‘500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് സോളർ, നഗരങ്ങളിലെ കെട്ടിടങ്ങളിൽ വാഹന ചാർജിങ് പോയിന്റും നിർബന്ധം’

news image
Apr 6, 2025, 12:14 pm GMT+0000 payyolionline.in

തിരുവനന്തപുരം:പ്രതിമാസം 500 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 100 ചതുരശ്ര മീറ്റർ എങ്കിലും പുരപ്പുറമുള്ള വീടുകളിൽ സോളർ പ്ലാന്റ് നിർബന്ധമാക്കാൻ 2025 ലെ കരട് വൈദ്യുതി നയത്തിൽ ശുപാർശ. കുറഞ്ഞത് ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റാണു സ്ഥാപിക്കേണ്ടത്. 100 ചതുരശ്ര മീറ്ററിനു മേൽ കെട്ടിട വിസ്തൃതിയുള്ള എല്ലാ വാണിജ്യ ഉപയോക്താക്കളും കുറഞ്ഞത് 3 കിലോവാട്ട് ശേഷിയുള്ള സോളർ പ്ലാന്റും 400 ചതുരശ്ര മീറ്ററിനു മുകളിലുള്ളവർ 5 കിലോവാട്ട് ശേഷിയുള്ള പ്ലാന്റും സ്ഥാപിക്കണം. ഇവ സ്ഥാപിക്കാൻ ഇൻസെന്റീവും നൽകും. ഇതിനായി തദ്ദേശ വകുപ്പുമായി ചേർന്ന് കെട്ടിട നിർമാണ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും ശുപാർശകളിൽ പറയുന്നു. നഗര മേഖലകളിലെ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റ് നിർബന്ധമാക്കും.500 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രതിമാസം എനർജി ചാർജ്, ഫിക്സഡ് ചാർജ് എന്നിവയുൾപ്പെടെ ശരാശരി 5000 രൂപയിലധികം രൂപയുടെ ബിൽ ആണ് ഇപ്പോൾ ലഭിക്കുന്നത്.
പുരപ്പുറമില്ലെങ്കിലും സോളർ
സ്വന്തം പുരപ്പുറത്ത് സോളർ പ്ലാന്റിന് ഇടമില്ലാത്ത ഗാർഹിക ഉപയോക്താക്കൾക്കു സൗരോർജ പദ്ധതികളിൽ നിക്ഷേപം നടത്താം. ഉദാഹരണത്തിന്, ഒരു റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി ഒന്നിച്ച് പ്ലാന്റ് സ്ഥാപിച്ചു ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതി കണക്കാക്കിയ ശേഷം അതിലെ നിക്ഷേപത്തിന്റെ തോതനുസരിച്ച് ഉപയോക്താക്കളുടെ ബില്ലിൽ തട്ടിക്കിഴിക്കും. ഗാർഹികേതര ഉപയോക്താക്കൾക്ക് പുനരുപയോഗ ഊർജ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉപയോഗം തട്ടിക്കിഴിക്കാനും അവസരം നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe