ഷഹബാസ് വധം: ‘പ്രതിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ല; ഗൂഢാലോചന നടത്തിയത് കുട്ടികൾ എന്ന നിലയിലായിരുന്നില്ല’

news image
Mar 3, 2025, 10:28 am GMT+0000 payyolionline.in

കോഴിക്കോട്∙ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് വധക്കേസിൽ മുഖ്യ പ്രതിയായ വിദ്യാർഥിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ലെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു. രക്ഷിതാവിനെ പ്രതി ചേർക്കേണ്ടതില്ല. നഞ്ചക്ക് കൈമാറിയതു പിതാവാണെന്നതിനു തെളിവില്ല. അതേസമയം, ഇയാൾക്ക് ക്രിമിനിൽ പശ്ചാത്തലമുണ്ട്. ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ടെന്നും കെ.ഇ.ബൈജു പറഞ്ഞു.

കുട്ടികള്‍ എന്ന നിലയിലായിരുന്നില്ല പ്രതികളുടെ ഗൂഢാലോചന.‌‌ വാട്സ്ആപ്പ് സന്ദേശങ്ങൾ ഇതിനു തെളിവാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയിൽ കൂടുതല്‍ ആളുകള്‍ക്കു പങ്കുണ്ടോയെന്നു പരിശോധിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഷഹബാസിനെ നഞ്ചക്കു കൊണ്ട് അടിച്ചതും ആക്രമണത്തിനു നേതൃത്വം നൽകിയതും ക്രിമിനൽ പശ്ചാത്തലമുള്ള ആളുടെ മകനാണ് എന്നാണ് വിവരം. വീട്ടിൽ നടത്തിയ പരിശോധനയിൽ നഞ്ചക്ക് കണ്ടെടുത്തു. ഷഹബാസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയ കുട്ടിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. വിദ്യാ‍ർഥികൾ ഏറ്റുമുട്ടുമ്പോൾ ഇയാൾ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് ഷഹബാസിന്റെ ബന്ധുക്കൾ പറ‍ഞ്ഞു. മുമ്പും കേസുകളിൽപ്പെട്ടിരുന്നതായാണ് വിവരം. ഇക്കാര്യത്തെക്കുറിച്ച് പൊലീസ് പരിശോധിച്ചുവരികയാണ്. ഇയാൾ താമരശ്ശേരിയിലെ ക്വട്ടേഷൻ സംഘങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നയാളാണെന്നാണു നാട്ടുകാർ പറയുന്നത്. പ്രതികളിൽ ഒരാളുടെ പിതാവ് പൊലീസ് ഡ്രൈവറാണ്. അതേ സമയം, ഏറ്റുമുട്ടലിൽ പങ്കെടുത്ത മറ്റു കുട്ടികളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, പ്രതികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതിൽ രൂക്ഷമായ പ്രതിഷേധമാണുയരുന്നത്. വിദ്യാർഥി, യുവജന സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ വച്ചുതന്നെ പരീക്ഷ നടത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe