വാട്‌സ്‌ആപിൽ ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങൾ പിടിമുറുക്കുന്നു

news image
Dec 15, 2024, 4:31 am GMT+0000 payyolionline.in
കോഴിക്കോട്: എല്ലാവര്‍ക്കും ഒഴിച്ചു കൂടാനാവാത്തതായി മാറിയതോടെ വാട്‌സ്‌ആപിൽ ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങൾ പിടിമുറുക്കുന്നു. സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോ​​ഗസ്ഥര്‍വരെ തട്ടിപ്പുസംഘങ്ങളുടെ ചതിക്കുഴിയില്‍ വീഴുന്നതായി സൈബര്‍ പൊലീസ്. ‘ഒടിപി’യില്‍ തുടങ്ങിയ തട്ടിപ്പ്, കാലത്തിനനുസരിച്ച്  ‘അപ്ഡേറ്റ്’ ആവുകയാണ്.

ഇന്നിപ്പോള്‍ നമ്മള്‍പോലും അറിയാതെ ഫോണില്‍ ആപ്‌ ഇന്‍സ്റ്റാള്‍ ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം തട്ടുന്നത്. ഈമാസം ആറിനാണ് കോഴിക്കോട് സ്വദേശിയായ ഡോക്ടറുടെ വാട്‌സ്‌ ആപ്‌ ഹാക്ക് ചെയ്ത് രണ്ട് ലക്ഷം രൂപ കവർന്നത്.
ഇതുള്‍പ്പെടെ നിരവധി പരാതികള്‍  വരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പിന് 
വ്യത്യസ്ത വഴികള്‍
മൊബൈല്‍ നമ്പര്‍ മാറി ഒടിപി അയച്ചെന്ന് പറഞ്ഞായിരുന്നു ആദ്യതട്ടിപ്പ് രീതി.
പിന്നീട്,  പണം അയക്കാന്‍ മാത്രമല്ല ലഭിക്കാനും ക്യുആര്‍ കോഡ് വേണമെന്ന് പറഞ്ഞുള്ള തട്ടിപ്പായി മാറി. എന്നാല്‍ ഇപ്പോള്‍ എപികെ (ആന്‍ഡ്രോയിഡ് പാക്കേജ്  കിറ്റ്) ഫയല്‍ അയച്ചാണ് തട്ടിപ്പ്. വാട്‌സ്‌ ആപ്പില്‍ ലഭിക്കുന്ന ഫയലില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം പൂര്‍ണമായും തട്ടിപ്പുകാര്‍ക്ക് ലഭിക്കും.
കാമറ, മൈക്രോഫോൺ, ലൊക്കേഷൻ, കോൺടാക്ടുകൾ, എസ്എംഎസ്, സ്ക്രീന്‍ ഷെയറിങ് എന്നിവയിലേക്കുള്ള അനുമതി ലഭിക്കും. വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങളും മോഷ്ടിക്കും.
ഈ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കംപ്യൂട്ടറിലേക്ക് മാറ്റുന്നതോടെ അവർക്ക്‌ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലേക്കും വ്യക്തിഗത ഇ മെയിലുകളിലേക്കും ആക്‌സസ് നേടാനാകും.
ഇവ ഉപ​യോഗിച്ച് ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് ആപ്‌ എന്നിവയിലൂടെ പണം അപഹരിക്കും. ഡാറ്റ കൈകാര്യം ചെയ്യാനും കൂടുതല്‍ ആപ്പുകള്‍ നമ്മുടെ ഫോണില്‍ ഇൻസ്റ്റാൾ ചെയ്യാനും കഴിയും. ഇതിനുപുറമെ നമ്മുടെ കോണ്‍ടാക്ടുകളിലേക്ക് എപികെ ഫയലുകള്‍ അയച്ച് ആ നമ്പറുകള്‍ ഹാക്ക് ചെയ്തും പണംതട്ടും.
അടുത്തിടെ രാമനാട്ടുകരയിലെ പൊതുപ്രവര്‍‌ത്തകന്റെ വാട്‌സ്‌ ആപ്‌ ഹാക്ക് ചെയ്ത് എല്ലാ നമ്പറിലേക്കും ആരോ​ഗ്യ ഇന്‍ഷുറന്‍സ് എന്ന പേരില്‍ എപികെ ഫയല്‍ ഷെയര്‍ ചെയ്‌തിരുന്നു. സൈബര്‍ പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതുപോലെ വിശ്വസനീയമായ മാര്‍​ഗങ്ങളാണ് തട്ടിപ്പുകാര്‍ എപികെ ഷെയര്‍ ചെയ്യുന്നതിന് സ്വീകരിക്കുന്നത്.
ബാങ്കുകള്‍, കസ്റ്റമര്‍ സര്‍വീസ്, ആരോ​ഗ്യ സേവനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവരാണെന്ന് പറഞ്ഞാണ് വാട്‌സ്‌ ആപില്‍ എപികെ ഫയല്‍ അയക്കുക. ഇവയുടെ വിശ്വാസ്യത ഉറപ്പാക്കി മാത്രം ഉപയോ​ഗിക്കാവൂ എന്നാണ്‌ ധനകാര്യ സ്ഥാപനങ്ങളും പൊലീസും അറിയിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe