തൃശൂർ പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ട് പരിഗണനയിലെന്ന് സർക്കാർ, എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി

news image
Sep 26, 2024, 3:44 pm GMT+0000 payyolionline.in

കൊച്ചി: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. മൂന്നാഴ്ച്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകി. തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി എ.ഡി.ജി.പി എംആര്‍ അജിത് കുമാര്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എതിർ സത്യവാങ്മൂലം തയ്യാറാക്കാൻ രേഖകൾ പരിശോധിച്ചു വരുകയാണ്. അതിനാൽ കൂടുതൽ സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം,തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലിൽ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. ഡിജിപിയുടെ കത്തിലെ കണ്ടെത്തൽ പരിഗണിച്ചാണ് എഡിജിപിക്കെതിരായ അന്വേഷണ ശുപാർശ. എന്നാൽ അജിത് കുമാറിനെ മാറ്റിനിർത്താൻ ശുപാർശയില്ല.

സിപിഐയുടെ രാഷ്ട്രീയസമ്മർദ്ദവും എഡിജിപിക്കെതിരായ ഡിജിപിയുടെ കത്തും കണക്കിലെടുത്താണ് പൂരം കലക്കലിലെ പുതിയ അന്വേഷണത്തിന് വഴിതുറക്കുന്നത്. ആരോപണവിധേയനായ അജിത് കുമാർ സ്വയം വെള്ളപൂശി നൽകിയ റിപ്പോർട്ട് ഡിജിപി തള്ളിയിരുന്നു. സ്ഥലത്തുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോൾ അജിത് കുമാർ ഇടപെടാത്തതിൽ കടുത്ത വിമർശനമാണ് ഡിജിപി ഉന്നയിച്ചത്. റിപ്പോർട്ട് അഞ്ച് മാസം വൈകിയതിലുമുണ്ടായിരുന്നു കുറ്റപ്പെടുത്തൽ. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ കുറ്റപത്രമായി ഡിജിപി കവറിംഗ് ലെറ്റർ എഴുതിയതോടെയാണ് പുതിയ അന്വേഷണമില്ലാതെ പറ്റില്ലെന്ന നിലയിലേക്ക് സർക്കാർ എത്തിയത്. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണത്തിനാണ് ആഭ്യന്തര സെക്രട്ടരി ബിശ്വനാഥ് സിൻഹയുടെ ശുപാർശ. പൂരം അട്ടിമറയിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരാനാണ് മറ്റൊരു അന്വേഷണത്തിനുള്ള ശുപാർശ.

രണ്ട് തലത്തിലുള്ള അന്വേഷണ ശുപാർശയിൽ ഇനി മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് പ്രധാനം. രണ്ട് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കുമോ അതോ ജൂഡിഷ്യൽ അന്വേഷണത്തിലേക്ക് പോകുമോ എന്നാണ് അറിയേണ്ടത്. നിലവിൽ അജിത് കുമാറിനെതിരെ പലതരത്തിലുള്ള അന്വേഷണങ്ങളാണുള്ളത് . ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും അൻവറിൻറെ പരാതിയിലും ഡിജിപി തല അന്വേഷണം. അനധികൃതസ്വത്ത് സമ്പാദനത്തിൽ വിജിലൻസ് അന്വേഷണം, പൂരം കലക്കലിൽ ഇനി പ്രഖ്യാപിക്കാനിരിക്കുന്ന അന്വേഷണം. അന്വേഷണപരമ്പര നടക്കുമ്പോഴും അജിത് കുമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe